നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും

By Web TeamFirst Published Dec 8, 2023, 11:56 PM IST
Highlights

നാളെ നവ കേരള സദസ്സ് നടക്കേണ്ട മണ്ഡലങ്ങളിൽ പകരം സംവിധാനം ഒരുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല

കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നാളെ നവ കേരള സദസ്സ് നടക്കില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് നാളെ നവ കേരള സദസ്സ് നടക്കേണ്ടിയിരുന്നത്.  കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഞായറാഴ്ചയാവും ഇനി നവ കേരള സദസ്സ് നടക്കുക.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് നവ കേരള സദസ്സ് പര്യടനം തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിക്കുന്നത്. നാളെ നവ കേരള സദസ്സ് നടക്കേണ്ട മണ്ഡലങ്ങളിൽ പകരം സംവിധാനം ഒരുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല. മറ്റന്നാൾ കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും.

Latest Videos

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ തിരുവനന്തപുരത്തെത്തിക്കും. രാവിലെ 7 മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം മൃതദേഹം തിരുവനന്തപുരത്തെത്തിക്കുക.. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടാണ് കാനം  രാജേന്ദ്രൻ അന്തരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസ്സിനിടെ ആശുപത്രിയിലെത്തി തന്നെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.

സംഗീത വിരുന്ന് മാറ്റിവെച്ചു

രാജ്യാന്തര ചലച്ചിത്ര മേളയുടെ രക്ഷാധികാരിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ദു:ഖസൂചകമായി മാനവീയം വീഥിയില്‍ ഇന്ന് (ശനി) വൈകിട്ട് നടത്താനിരുന്ന 'അഭയ ഹിരണ്‍മയി അണ്‍പ്‌ളഗ്ഡ്' എന്ന സംഗീത പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു.

കാനം രാജേന്ദ്രൻ അന്തരിച്ചു

 

click me!