യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ നവ കേരള സദസിൽ സിപിഎം നേതാവിന്റെ പരാതി അതേ പഞ്ചായത്തിൽ തീര്‍പ്പാക്കി

By Web TeamFirst Published Dec 16, 2023, 6:33 AM IST
Highlights

യുഡ‍ിഎഫ് ഭരിക്കുന്ന പെരുവയല്‍ പഞ്ചായത്തിലെ പ്രധാന റോഡിനോട് ചേര്‍ന്നല്ല വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ട് നാളേറെയായി

കൽപ്പറ്റ: യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരായി നവകേരളാ സദസില്‍ സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത് അതേ പഞ്ചായത്തിന്‍റെ സെക്രട്ടറി. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടിയാണ് പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയത്. നവ കേരളാ സദസിലെ പരാതി പോയത് ഈ വഴിക്കാണെങ്കിലും നിയമപോരാട്ടം തുടരാനാണ് സിപിഎമ്മിന്‍റെ തീരുമാനം.

യുഡ‍ിഎഫ് ഭരിക്കുന്ന പെരുവയല്‍ പഞ്ചായത്തിലെ പ്രധാന റോഡിനോട് ചേര്‍ന്നല്ല വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ട് നാളേറെയായി. കാടു മൂടിത്തുടങ്ങിയിട്ടും നാട്ടുകാര്‍ക്ക് വിശ്രമകേന്ദ്രം ഉപകാരമാകുന്നില്ലെന്നാരോപിച്ചാണ് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം സുജിത് പെരുവയല്‍ നവകേരളാ സദസ്സില്‍ പരാതി നല്‍കിയത്. പഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം റോഡരികിലല്ലാത്തതിനാല്‍ ചെലവഴിച്ച തുക തിരിച്ചു പിടിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ തുടര്‍നടപടിക്കായി പരാതി കറങ്ങിത്തിരിഞ്ഞ് എത്തിയത് പെരുവയല്‍ പഞ്ചായത്തിന്‍റെ തന്നെ സെക്രട്ടറിയുടെ കൈയിലാണ്. 

Latest Videos

പഞ്ചായത്ത് സെക്രട്ടറി കൈയോടെ മറുപടിയും കൊടുത്തു. പഞ്ചായത്തില്‍ ദേശീയ പാതയോ സംസ്ഥാന പാതയോ ഇല്ലാത്തതിനാലാണ് ഇവിടെ വിശ്രമ കേന്ദ്രം സ്ഥാപിച്ചതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ശുചിത്വ മിഷന്‍റെ വാക്കാലുള്ള അനുമതിയുണ്ടെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിശകു മൂലമാണ് പരാതി പഞ്ചായത്ത് സെക്രട്ടറിയുടെ കൈകളില്‍ തന്നെയെത്തിയതെന്നാണ് പരാതിക്കാരന്‍ സംശയിക്കുന്നത്. വഴിയോര വിശ്രമകേന്ദ്രത്തിനെതിരായ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് സിപിഎം പെരുവയല്‍ ലോക്കല്‍ കമ്മറ്റി അംഗം സുജിത് പെരുവയല്‍ വ്യക്തമാക്കി. വഴിയോര വിശ്രമ കേന്ദ്രത്തിന‍്റ ഉദ്ഘാടനത്തിന് ഇടത് അംഗങ്ങളെ ക്ഷണിച്ചില്ലെന്നതടക്കം എൽഡിഎഫും യുഡിഎഫും തമ്മില്‍ തുടങ്ങിയതാണ് പോരാണ്. എന്നാലും നവകേരള സദസ്സിലൂടെ ഇങ്ങനെയൊരു പണി സിപിഎം തീരെ പ്രതീക്ഷിച്ചതുമല്ല.

ഏഷ്യാനെറ്റ് ന്യൂസ്

click me!