പാതിരാറെയ്ഡ്: പൊലീസ് മലക്കം മറിഞ്ഞു, വിശദീകരണങ്ങളില്‍ ദുരൂഹത, ആദ്യമെത്തിയത് വനിതാ പൊലീസില്ലാതെ

By Web Team  |  First Published Nov 6, 2024, 12:11 PM IST

പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. 


പാലക്കാട് : കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നൽകിയ വിശദീകരണങ്ങളിൽ അടിമുടി വൈരുധ്യം. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. 

Latest Videos

 

ഹോട്ടൽ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച് പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നൽകിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് പരിശോധന നടത്തിയതെന്നും സാധാരണ പരിശോധന മാത്രമായിരുന്നുവെന്നുമാണ് എഎസ്പി അശ്വതി ജിജി പുലർച്ചെ മാധ്യമങ്ങളോട് പ്രതികരിച്ചത്.  

എന്നാൽ വനിതാ പൊലീസില്ലാതെ കോൺഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയതിനെതിരെ അടക്കം വലിയ പ്രതിഷേധമുണ്ടായതോടെ മുൻ നിലപാടിൽ നിന്ന് പൊലീസ് മലക്കം മറിഞ്ഞു. ഹോട്ടലിൽ റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റെയ്ഡ് തുടങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്നുമാണ് പാലക്കാട് എസ് പി ആർ ആനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഹോട്ടലിൽ പല പാർട്ടികളിലുളള രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു.  എല്ലാം രാഷ്ട്രീയ പാർട്ടിക്കാരുടെയും റൂം പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വനിത പൊലീസെത്തിയ ശേഷമാണ് വനിതകൾ മാത്രമുള്ള റൂം പരിശോധിച്ചതെന്നും എസ് പി ആർ ആനന്ദ് വിശദീകരിക്കുന്നു.

കള്ളപ്പണം പിടിക്കാന്‍ വരുമ്പോള്‍ ഷാഫിക്കെന്താ പ്രശ്‌നമെന്ന് സിപിഎം ജില്ലാ സെക്രട്ടറി, 'സിസിടിവി പരിശോധിക്കണം'

പാലക്കാട് ഹോട്ടൽ റെയ്ഡ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞാണ് ജില്ലാ കളക്ടർ വിവരമറിഞ്ഞത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കളക്ടറെ 1 മണിക്കാണ് പൊലീസ് വിവരം അറിയിച്ചത്. അപ്പോഴേക്കും റെയ്ഡ് അവസാന ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ പരിശോധനയിൽ അപാകതയില്ലെന്നായിരുന്നു പാലക്കാട് ജില്ല കളക്ടർ ഡോ.എസ് ചിത്രയുടെ പ്രതികരണം.  പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതിൽ അപാകതയില്ല. വിവരം കിട്ടിയതും ഉടൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെന്നും കളക്ടർ വിശദീകരിക്കുന്നു.

12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും പൊലീസ് മടങ്ങിയത്.  

അതേ സമയം, കോൺഗ്രസ് ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു. 

പാലക്കാട്ടെ പാതിരാ പരിശോധന: പൊലീസിനെതിരെ കെ സുരേന്ദ്രൻ; 'കള്ളപ്പണം മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ അവസരമൊരുക്കി'

click me!