എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ല, മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടും: എംവി ഗോവിന്ദൻ

By Web TeamFirst Published Jul 22, 2024, 5:35 PM IST
Highlights

മുസ്‌ലിം ലീഗിൻ്റെ വർഗ്ഗീയ നിലപാടിനെ തുറന്ന് കാണിക്കുമെന്നും മുസ്‌ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരം: എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം.

ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. ക്ഷേത്രങ്ങൾ കയ്യടക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ക്ഷേത്രമുറ്റത്ത് ശാഖകൾ അടക്കം നടത്തുന്നു. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളിൽ വർഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാൻ പറ്റില്ല. ആരാധനാലയങ്ങളിൽ ആർക്കും പോകാം. പാർട്ടി അംഗങ്ങൾക്കിടയിൽ വിശ്വാസികൾ ധാരാളം ഉണ്ട്. പാർട്ടി മെമ്പറാകുന്നത് ആരാധനാലയത്തിൽ പോകുന്നതിൽ തടസമല്ല. വിശ്വാസികളെ അടക്കം വര്‍ഗീയവത്കരിക്കാനാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എൻഡിപിയുടെ നേതാക്കൾ സിപിഎം വിമർശനം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി നേതാക്കൾ വ്യക്തിപരമായ വിമർശനങ്ങൾ പോലും നടത്തുന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രചരിപ്പിച്ചു. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതിൽ വിമർശനം തുടരും. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുസ്‌ലിം ലീഗിൻ്റെ വർഗ്ഗീയ നിലപാടിനെ തുറന്ന് കാണിക്കും. വർഗീയ ശക്തികൾ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനും ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷ പരിരക്ഷക്ക് പ്രാധാന്യം നൽകും. ഇടതുപക്ഷം പ്രധാന ചുമതലയായി ന്യൂനപക്ഷ പരിരക്ഷ ഏറ്റെടുക്കും. നഗരമേഖലയിൽ സിപിഎം സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുംയ നവ മാധ്യമങ്ങളിൽ സിപിഎം വിരോധം വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത മാധ്യമ ശൃംഘല സിപിഎമ്മിനെതിരെ തിരിയുകയാണ്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ ആശയ പ്രചാരണം ശക്തിയായി നവമാധ്യമങ്ങളിൽ നടപ്പാക്കും. 

നവമാധ്യമ കടന്നാക്രമണങ്ങൾ കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ മേയറെയും മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരേയും എല്ലാം കടന്നാക്രമിക്കുന്നു. ഐഎഎസുകാരിയായ ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്ന ആക്രമണം അവർ സ്ത്രീയായത് കൊണ്ടാണ്. കോൺഗ്രസ് നേതാവിന്റെ ഭാര്യയായത് കൊണ്ട് ഔദ്യോഗികമായ പദവികളെ പോലും വിമർശിക്കുന്നു. ദിവ്യയെ ആക്രമിച്ചതിന് മുന്നിൽ നിന്നത് മുൻനിര കോൺഗ്രസ് നേതാക്കൾ തന്നെയാണ്. അന്ധ വിശ്വാസവും സ്ത്രീ വിരുദ്ധതയും ആണ് കോൺഗ്രസിൽ നടക്കുന്നത്. 

തെറ്റു തിരുത്തൽ സ്വാഭാവിക പ്രക്രിയ മാത്രമാണ്. ഒരു തെറ്റും വച്ച് പൊറുപ്പിക്കില്ല. സർക്കാർ തലത്തിലെ മുൻഗണന മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേമ പെൻഷൻ അടക്കം കുടിശിക അടക്കം തീർക്കും. മുൻഗണന തീരുമാനിക്കാനും അത് നടപ്പാക്കാനും  സിപിഎം ശ്രമിക്കുന്നുണ്ട്. ധനകാര്യ മാനേജ്മെന്റ് നല്ല നിലയിലാണ് കേരളത്തിൽ നടക്കുന്നത്. പദ്ധതി നിർവ്വഹണത്തിലടക്കം മുൻവർഷങ്ങളേക്കാൾ മെച്ചമുണ്ടായിട്ടുണ്ട്. വികസന മുരടിപ്പ് എന്ന വിമർശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപി ജയരാജൻ ബിജെപി ബന്ധ വിവാദത്തോട് ഉയര്‍ന്ന ചോദ്യത്തിന് സംഘടനാ കാര്യങ്ങൾ വിശദമായി അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. വിഷയം അടഞ്ഞ അധ്യായമായത് കൊണ്ടാണോയെന്ന് വീണ്ടും ചോദ്യം ഉയര്‍ന്നു. അടഞ്ഞ അധ്യയമാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയുമോ എന്ന് അദ്ദേഹം പ്രതികരിച്ചു. തിരുത്തേണ്ടവർ ആരായാലും തിരുത്തും. ആരൊക്കെയാണോ തിരുത്തേണ്ടത് അവരൊക്കെ തിരുത്തും. അതിൽ ഒരു പ്രത്യേക നേതാവിനെ എടുത്ത് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!