കാനത്തിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും; പാർട്ടി ഓഫീസില്‍ പൊതുദർശനം, സംസ്കാരം ഞായറാഴ്ച കോട്ടയത്ത്

By Web TeamFirst Published Dec 8, 2023, 8:09 PM IST
Highlights

തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയത്തെ സിപിഐ ജില്ലാ ഓഫീസിലും കാനം രാജേന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍  എത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയില്‍ എത്തിക്കുകയും അതിനുശേഷം സി.പി.ഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും.

തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപ യാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. അതിനുശേഷം കാനത്തുള്ള സ്വവസതിയിലേക്ക് മൃതദേഹം  കൊണ്ടുപോകും. ഡിസംബര്‍ രാവിലെ ഞായറാഴ്ച രാവിലെ പത്ത്  മണിക്ക് സംസ്കാരം നടത്തുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീര്‍ അറിയിച്ചു.

Latest Videos

വൈകുന്നേരം 5.30ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്റെ വിയോഗം. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പ്രമേഹം മൂര്‍ച്ഛിച്ചതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ കാല്‍ മുറിച്ചുമാറ്റിയിരുന്നു. പ്രമേഹത്തോടൊപ്പമുള്ള കടുത്ത ഹൃദ്രോഗം കാനത്തിന്‍റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു.

1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കൾ - സ്മിത, സന്ദീപ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!