ആളുകളുള്ള വീട്ടില്‍ തന്നെ മോഷ്ടിക്കാൻ കയറുകയെന്നതാണ് ഇര്‍ഫാന്‍റെ പ്രത്യേകത. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അകത്തുകയറും. സ്ക്രൂ ഡ്രൈവറാണ് പ്രധാന ആയുധം.
കൊച്ചി: സംവിധായകൻ ജോഷിയുടെ, പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതി ബിഹാര്‍സ്വദേശി മുഹമ്മദ് ഇര്‍ഫാനെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിശദാംശങ്ങളാണ് പുറത്തുവരുന്നത്. കവര്‍ച്ച നടന്ന് പതിനഞ്ച് മണിക്കൂറിനകം തന്നെ ഇര്‍ഫാൻ പിടിക്കപ്പെട്ടിരുന്നു. കര്‍ണാടകത്തില്‍ വച്ചാണ് ഇര്‍ഫാൻ പിടിക്കപ്പെട്ടത്.
ആളുകളുള്ള വീട്ടില്‍ തന്നെ മോഷ്ടിക്കാൻ കയറുകയെന്നതാണ് ഇര്‍ഫാന്‍റെ പ്രത്യേകത. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അകത്തുകയറും. സ്ക്രൂ ഡ്രൈവറാണ് പ്രധാന ആയുധം. തുറക്കാൻ പ്രയാസമുള്ള ഏത് സെയ്ഫും ഇര്‍ഫാന് വെല്ലുവിളിയല്ല. അത്രയ്ക്കും 'ഹൈടെക്' കള്ളൻ.
ബിഹാറില്‍ ഇയാള്‍ക്കൊരു വിളിപ്പേരുണ്ട്, 'റോബിൻഹുഡ്'. മോഷ്ടിച്ചതില്‍ നിന്നൊരു പങ്ക് പാവങ്ങളെ സഹായിക്കാൻ ചിലവിടാറുണ്ട് എന്നതിനാലാണ് ഈ വിളിപ്പേര്. സ്വദേശമായ ബിഹാറിലെ ഏഴ് ഗ്രാമങ്ങൾക്കും റോഡ് നിർമിച്ച് നൽകിയതോടെയാണ് 'റോബിൻഹുഡ്' എന്ന വിളിപ്പേര് വീണത്.
ചികിത്സാസഹായം ആവശ്യമുള്ളവര്‍, വിവാഹത്തിനുള്ള സഹായം എല്ലാം നല്‍കും. ഇതെല്ലാം കഴിഞ്ഞ് ബാക്കി കയ്യില്‍ വരുന്ന പണം കൊണ്ട് ആഢംബര ജീവിതം. ഇതാണ് രീതി.
മറ്റൊരു കൗതുകകരമായ വിവരം ഇയാളുടെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആണ് എന്നതാണ്. ഭാര്യയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ലെങ്കിലും ബോർഡ് വെച്ച കാറില്‍ ഇർഫാൻ മോഷണത്തിന് ശേഷം സഞ്ചരിച്ചുവെന്നതിന് തെളിവുണ്ട്. ബീഹാറിലെ സീതാര്‍മഢിലാണ് ഇര്‍ഫാന്‍റെ ഭാര്യ ഗുല്‍ഷൻ പര്‍വീണ്‍ പഞ്ചായത്ത് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്നത്.
അതീവ സുരക്ഷയുള്ള പ്രദേശങ്ങളിലെ വലിയവീടുകളാണ് പൊതുവെ ഇര്‍ഫാൻ ലക്ഷ്യമിടാറത്രേ. അടുക്കള ജനലോ വാതിലിന്‍റെ പൂട്ടോ പൊളിച്ച് അകത്ത് കയറും. ആഭരണങ്ങളാണ് പൊതുവെ മോഷ്ടിക്കാറ്. പരമാവധി വേഗത്തിൽ മോഷണം നടത്തി മടങ്ങും. തിരുവനന്തപുരത്ത് കവടിയാറില്‍ പ്രമുഖ ജ്വല്ലറിയുടെ ഉടമയുടെ വീട്ടിലും മുമ്പ് ഇര്‍ഫാൻ കവര്‍ച്ച നടത്തിയിട്ടുണ്ട്. ഈ കേസില്‍ ഗോവയില്‍ വച്ച് പിടിയിലായെങ്കിലും കൊവിഡ് കാരണം കേരളത്തിലേക്ക് എത്തിച്ചില്ല. പിന്നെ ഗോവയില്‍ നിന്ന് തന്നെ ജാമ്യത്തിലിറങ്ങുകയായിരുന്നു.
ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു കോടി വിലമതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങളാണ് ഇര്‍ഫാൻ മോഷ്ടിച്ചത്. ഇവയെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Also Read:- മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് പേടിച്ചോടിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-