മുംബൈ, ദില്ലി , ചെന്നൈ തുടങ്ങിയ നഗരങ്ങൾക്ക് പുറമെ പുതിയ ഹോട്ട്സ്പോട്ടുകൾ രൂപം കൊണ്ടു. ഇതോടെയാണ് കൊവിഡ് പരിശോധന ഉയർത്താൻ ഐസിംഎആർ നിർദ്ദേശം നൽകിയത്.
ദില്ലി: കൊവിഡ് വ്യാപനം കൂടുതൽ സംസ്ഥാനങ്ങളിൽ രൂക്ഷമായതോടെ പരിശോധന കൂട്ടി ഐസിഎംആർ. പ്രതിദിന സാമ്പിള്‍ പരിശോധന മൂന്നര ലക്ഷം കടന്നു. തുടർച്ചയായി നാലാം ദിവസവും പ്രതിദിന രോഗബാധിതർ മുപ്പതിനായിരത്തിൽ ഏറെയാണ്. മുംബൈ, ദില്ലി , ചെന്നൈ തുടങ്ങിയ നഗരങ്ങൾക്ക് പുറമെ പുതിയ ഹോട്ട്സ്പോട്ടുകൾ രൂപം കൊണ്ടു. ഇതോടെയാണ് കൊവിഡ് പരിശോധന ഉയർത്താൻ ഐസിംഎആർ നിർദ്ദേശം നൽകിയത്. ജൂൺ മുപ്പതിന് 2,10,000 ആയിരുന്നു സാമ്പിള്‍ പരിശോധന. പതിനെട്ട് ദിവസം കൊണ്ട് പരിശോധന ഒന്നര ലക്ഷത്തോളം കൂട്ടി.
നൂറ് പേരെ പരിശോധിച്ചാൽ 6.73 പേർക്കായിരുന്നു കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴിത് 7.81 ആയി ഉയരുകയും ചെയ്തു. തീവ്ര നിയന്ത്രിത മേഖലകളിൽ ആന്‍റിജന്‍ പരിശോധന കൂട്ടാനാണ് സംസ്ഥാനങ്ങൾക്ക് ഐസിഎംആറിന്‍റെ നിർദ്ദേശം. അതേ സമയം മരണനിരക്ക് രാജ്യത്ത് കുറഞ്ഞത് ആശ്വാസമാകുകയാണ്. 2.86 ശതമാനമായിരുന്നു നേരത്തേ രാജ്യത്തെ മരണനിരക്ക്. ഇപ്പോഴത് 2.48 ശതമാനമായാണ് കുറഞ്ഞത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച്ച ദില്ലി എയിംസ് ഉൾപ്പടെയുള്ള 11 ആശുപത്രികളിൽ കൂടി തുടങ്ങും. കഴിഞ്ഞ ബുധനാഴ്ച്ച പാട്ന എയിംസിൽ ആണ് കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് തുടക്കമായത്.