നവകേരള സദസ് കഴി‍ഞ്ഞിട്ട് ഒരു മാസം; തൃശൂരിൽ പരിഹാരം കാണാത്ത പരാതികൾ പകുതിയിലേറെ, കൂടുതൽ ഗുരുവായൂരിൽ

By Web TeamFirst Published Jan 30, 2024, 9:25 AM IST
Highlights

പതിമൂന്നില്‍ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഇനിയും പരിഹാരം കാണാനുള്ളത് രണ്ടായിരത്തിലേറെ പരാതികള്‍. നവകേരള സദസ്സിന്‍റെ വരവ് ചെലവ് സംബന്ധിച്ച വിവരം ലഭ്യമല്ലെന്നും ജില്ലാ ഭരണകൂടം വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി. 

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നവകേരള സദസ്സ് നടന്ന് ഒരുമാസം പിന്നിടുമ്പോഴും പരാതികളില്‍ പകുതിക്കും പരിഹാരം കണ്ടില്ല. ഗുരുവായൂരിലാണ് ജില്ലയിലേറ്റവും കൂടുതല്‍ പരാതി പരിഹരിക്കാനുള്ളത്. പതിമൂന്നില്‍ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഇനിയും പരിഹാരം കാണാനുള്ളത് രണ്ടായിരത്തിലേറെ പരാതികള്‍. നവകേരള സദസ്സിന്‍റെ വരവ് ചെലവ് സംബന്ധിച്ച വിവരം ലഭ്യമല്ലെന്നും ജില്ലാ ഭരണകൂടം വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി. 

ഡിസംബര്‍ നാലുമുതല്‍ ഏഴുവരെ തൃശൂര്‍ ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളില്‍ നടന്ന നവകേരള സദസ്സ് ഒരുമാസത്തിനിപ്പുറവും പകുതിയപേക്ഷകളിലും പരിഹാരം കാണാതെ കിടക്കുന്നു. ജില്ലാ ഭരണകൂടം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിവരാവകാശ മറുപടിയില്‍ നല്‍കുന്ന കണക്കുകളിങ്ങനെ. ആകെ ലഭിച്ച പരാതി 55,612. ഇനിയും പരിഹാരം കാണാനുള്ളത് 28,667. അതായത് ഫയലുകളിലുറങ്ങുന്നത് പകുതിക്കുമുകളില്‍ അപേക്ഷകള്‍. 

Latest Videos

ഗുരുവായൂരിലാണ് ഏറ്റവും കൂടുതല്‍ പരാതി പരിഹരിക്കാനുള്ളത്. 2665 എണ്ണം. ഇവിടെ ആകെ വന്നത് നാലായിരത്തി അഞ്ഞൂറ്റി അമ്പത്തി അഞ്ച് അപേക്ഷകള്‍. ഗുരുവായൂരിനെക്കൂടാതെ ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, കൈപ്പമംഗലം, നാട്ടിക, ഒല്ലൂര്‍, വടക്കാഞ്ചേരി, മണലൂര്‍, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളില്‍ ഇനിയും രണ്ടായിരത്തിലേറെ പരാതികള്‍ പരിഹരിക്കാനുണ്ട്. ഏറ്റവും കൂടുതല്‍ പരാതിയെത്തിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.

19059 പരാതികളില്‍ 4622 പരാതികളാണ് ഇനിയും തീര്‍ക്കാനുള്ളത്. റവന്യൂ മന്ത്രിയുടെ സ്വന്തം ജില്ലയിലും പരാതി പരിഹാരത്തിനേ വേഗതയില്ല. റവന്യൂ പരാതികളുടെ എണ്ണം 12191. പരിഹരിക്കേണ്ടത് 9955. സഹകരണ തട്ടിപ്പുകള്‍ക്ക് പഴികേട്ട തൃശൂരില്‍ വകുപ്പുമായി ബന്ധപ്പെട്ട 3732 പരാതിയെത്തിയതില്‍ ഇനിയും പരിഹരതിക്കാനുണ്ട് 2472 എണ്ണം. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം 2292. തീര്‍പ്പാക്കിയവയുടെ വിവരങ്ങള്‍ നവകേരള സദസ്സ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നവകേരള സദസ്സിന് എത്ര രൂപ ചെലവായെന്ന കണക്ക് ജില്ലാ ഭരണകൂടത്തിനില്ലെന്നാണ് ലഭിച്ച മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!