രഞ്ജിത്തിനെതിരായ ആരോപണം: 'ആക്ഷേപത്തില്‍ കേസെടുക്കില്ല'; പരാതി വരട്ടേയെന്ന് മന്ത്രി സജി ചെറിയാന്‍

By Web Team  |  First Published Aug 24, 2024, 7:56 AM IST

ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Minister Saji Cherian response on Directon ranjith sexual abuse allegations by actress sreelekha mitra details

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു.

ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ സംബന്ധിച്ച് കേസ് എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ പരാതി നൽകിയാൽ ഏത് ഉന്നത ആണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയർന്നപ്പോള്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പരാതി വന്നാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തിൽ കേസെടുത്താൽ അത് നിലനിൽക്കില്ലെന്നും പരാതി തന്നാൽ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. രഞ്ജിത്തുമായി താൻ സംസാരിച്ചോ എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. 

Latest Videos

സർക്കാർ സ്ത്രീകൾക്കൊപ്പമാണ്. വേട്ടക്കാരനൊപ്പമല്ല ഇരയോടൊപ്പമാണ് സർക്കാർ. ആരോപണങ്ങളിൽ കേസെടുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ചാൽ വസ്തുത ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ പരാതി കൊടുക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്. ആക്ഷേപങ്ങളിലും ആരോപണങ്ങളിലും നടപടിയെടുക്കാൻ ആവില്ലെന്ന് മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ചു. രഞ്ജിത്ത് ചുമതല നിർവ്വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്‍റെ പുറത്താണ്. പാർട്ടിയാണ് പരിശോധിക്കുക. സിപിഎം എന്ന പാർട്ടി പരിശോധിക്കാതെ ഇരിക്കില്ലലോ. അക്കാര്യത്തിൽ തീരുമാനം അപ്പോൾ ഉണ്ടാകുമെന്നായിരുന്നു രഞ്ജിത്തിനെ മാറ്റിനിർത്തുമോ എന്ന ചോദ്യത്തിന് സജി ചെറിയാന്‍റെ മറുപടി. 

നിലപാടിലുറച്ച് ശ്രീലേഖ മിത്ര

സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ച് നടി ശ്രീലേഖ. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image