രാഹുൽ തോൽവിയിലും പാഠം പഠിക്കാത്ത കുട്ടി, കോൺഗ്രസിന്‍റെ തോൽവിയിൽ സിപിഎം ആഹ്ളാദിക്കുന്നില്ല: മന്ത്രിമാർ

By Web TeamFirst Published Dec 4, 2023, 11:45 AM IST
Highlights

തെരഞ്ഞെടുപ്പ് തിരിച്ചടി കോൺഗ്രസിനുള്ള പാഠമാണെന്നാണ് മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണം. ബിജെപിയുടെ വെള്ളം ചേർക്കാത്ത കടുത്ത വർഗീയതയെ വെള്ളം ചേർത്ത് നേർപ്പിച്ച വർഗീയത കൊണ്ട് നേരിടാനാവില്ലെന്ന പാഠം

തൃശൂര്‍: നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും പരാജയപ്പെട്ട, രണ്ടിടത്ത് ഭരണത്തിൽ നിന്ന് പുറത്തായ കോൺഗ്രസിനെതിരെ വിമര്‍ശനം കടുപ്പിച്ച് സംസ്ഥാനത്തെ മന്ത്രിമാര്‍. കോൺഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടാനാവില്ലെന്ന് തെളിഞ്ഞ തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി പി രാജീവും കോൺഗ്രസ് പുനർവിചിന്തനത്തിന് തയാറാകണമെന്ന് മന്ത്രി കെ രാജനും ഭാവനാ ദാരിദ്ര്യമാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു. ഗവര്‍ണര്‍ക്കെതിരെയും മന്ത്രിമാര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

തെരഞ്ഞെടുപ്പ് തിരിച്ചടി കോൺഗ്രസിനുള്ള പാഠമാണെന്നാണ് മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണം. ബിജെപിയുടെ വെള്ളം ചേർക്കാത്ത കടുത്ത വർഗീയതയെ വെള്ളം ചേർത്ത് നേർപ്പിച്ച വർഗീയത കൊണ്ട് നേരിടാനാവില്ലെന്ന പാഠം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വികൃതാനുകരണങ്ങൾ കൊണ്ട് തെരഞ്ഞെടുപ്പ് നേരിടാനാവില്ലെന്ന പാഠം. കോൺഗ്രസ് തോൽവിയിൽ സിപിഎം ആഹ്ളാദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Latest Videos

 

 

കോൺഗ്രസ് പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. ഇന്ത്യാ മുന്നണിക്ക് കരുത്ത് പകരേണ്ടപ്പോൾ കോൺഗ്രസ് പറഞ്ഞത് ഞങ്ങൾ തെരഞ്ഞെടുപ്പ് തിരക്കിലെന്നായിരുന്നു. ജനാധിപത്യത്തിലെ മുഴുവൻ ശക്തികളെയും കൂട്ടി യോജിപ്പിക്കാനുള്ള പക്വത കോൺഗ്രസിനില്ല. രാഹുൽ ഗാന്ധി തോൽവിയിലും പാഠം പഠിക്കാത്ത കുട്ടിയായി തുടരുന്നത് അപകടകരമാണ്. കേരളത്തിൽ വന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ മത്സരിക്കുന്ന വില കുറഞ്ഞ തരത്തിലേക്ക് പോകുമ്പോൾ ജനം വിലയിരുത്തും. രാഹുല്‍ മത്സരിച്ച് ചങ്കൂറ്റം കാണിക്കേണ്ടത് ബിജെപിക്കെതിരെയാണെന്നും മന്ത്രി രാജന്‍ പറഞ്ഞു.

 


തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാവില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്‌ ഫലമാണിതെന്ന് മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു. ഗവർണർക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാവില്ല. അതാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനത്തിൽ നിലപാടിൽ വ്യക്തതയില്ലാത്ത ഒരാൾക്ക് ഇനിയെങ്ങനെ ഗവര്‍ണറായി തുടരാനാകും. സിൻഡിക്കേറ്റുകളിൽ ബിജെപിക്ക് പ്രതിനിധിയുണ്ടാക്കാൻ സഹായകരമായ നിലപാട് കോൺഗ്രസ് സ്വീകരിച്ചു. അപകടകരമായ നിശ്ശബ്ദതയാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

click me!