'ഒരു താടിക്കഥ സൊല്ലട്ടുമാ'; 30 വര്‍ഷത്തിന് ശേഷം താടിയെടുത്ത് മന്ത്രി എംബി രാജേഷ്, ഫോട്ടോ വൈറൽ

By Web Team  |  First Published Oct 8, 2022, 12:28 PM IST

'താടിയെക്കുറിച്ച് അന്വേഷിക്കുന്നവരോട് മന്ത്രിക്ക് പറയാൻ ഇത്രയേ ഉള്ളു. തലേയേക്കാൾ വേഗം താടി നരയ്ക്കുന്നു. പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനോട് താൽപര്യമില്ല. അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റി'.


തിരുവനന്തപുരം: വൃത്തിയായി വെട്ടിയൊതുക്കിയ താടി, ചീകി മിനുക്കി ഒതുക്കി വച്ച മുടിയും. വിദ്യാര്‍ത്ഥി സംഘടനാ കാലം മുതൽ മന്ത്രിക്കസേരയിലേക്ക് എത്തും വരെയുള്ള സുദീര്‍ഘമായ കാലമിത്രയും  എംബി രാജേഷ് എന്ന രാഷ്ട്രീയക്കാരനെ കേരളം കണ്ടത് ഇങ്ങനെയാണ്. പൊടുന്നനെ ഒരു ദിവസം താടിയില്ലാത്ത ഫോട്ടോ ഫേസ്ബുക്ക് പ്രൊഫ്രൈൽ പിക്ചറിട്ട് മന്ത്രി എല്ലാവരെയും ഞെട്ടിച്ചു. നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ വൈറലുമായി.

സംഗതി കൊള്ളാമെന്നും അതല്ല കമ്മ്യൂണിസ്റ്റ് ഗൗരവം ചോര്‍ന്നെന്നും ഒക്കെ പല തരത്തിലാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകൾ.  കൗതുകത്തിന് കാര്യമന്വേഷിക്കുന്നവരോട് മന്ത്രിക്ക് പറയാൻ ഇത്രയേ ഉള്ളു. 'തലേയേക്കാൾ വേഗം താടി നരയ്ക്കുന്നു. മൊത്തത്തിലുള്ള ആ പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനോട് താൽപര്യമില്ല. അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റി', കാര്യം സിമ്പിളാണ്. 

Latest Videos

undefined

താടിയില്ലാത്ത രൂപത്തോട് ആദ്യ പ്രതികരണവും വിമര്‍ശനവുമെല്ലാം വീട്ടിൽ നിന്ന് തന്നെയായിരുന്നുവെന്ന് മന്ത്രി പറയുന്നു. താടിയില്ലാതെയുള്ള ലുക്ക് കൊള്ളില്ലെന്നാണ് ഭാര്യ നിനിത കണിച്ചേരിയുടെ അഭിപ്രായം. പക്ഷെ താടി കളയാനുള്ളത് വ്യക്തിപരമായ തീരുമാനമാണ്, ആ താൽപര്യത്തെ മാനിക്കുന്നു എന്നുമായിരുന്നു പ്രതികരണം.  'അച്ഛാ പൊളി, എത്രകാലമായി പറയുന്നു' എന്നായിരുന്നു മകളുടെ പ്രതികരണമെന്നും എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

എംബി രാജേഷ് മുപ്പത് വര്‍ഷമായി കൊണ്ടു നടന്ന ഐഡന്റിറ്റിയാണ് വെട്ടിയൊതുക്കിയ താടി. കൃത്യമായി പറഞ്ഞാൽ 1992 ലെ ബിരുദാനന്തര ബിരുദകാലത്തെ സ്റ്റഡി ലീവിലാണ് താടി വളര്‍ത്തി തുടങ്ങിയതെന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. പിന്നീടങ്ങോട്ട് സ്റ്റൈലിന്റെ ഭാഗമായി. ഇതിനിടക്ക് ഒരിക്കൽ മാത്രം താടി എടുത്തിരുന്നു, അത് കൊവിഡ് കാലത്ത് നരേന്ദ്രമോദി ആദ്യ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്.

കൊവിഡ് കാലത്ത് താടി കളഞ്ഞപ്പോള്‍ വീട്ടിലിരുന്ന് ഫോട്ടോ എടുത്ത് അയച്ച് കൊടുത്തത് രണ്ടേ രണ്ടു പേര്‍ക്കാണെന്ന് രാജേഷ് പറയുന്നു. അത് മന്ത്രിമാരായ കെഎൻ ബാലഗോപാലിനും പി രാജീവിനുമാണ്. ഒരു ഫോട്ടോ അങ്ങോട്ട് അയച്ച് ഞെട്ടിച്ചപ്പോൾ മറ്റൊരു ഫോട്ടോ തിരിച്ചിട്ടാണ് പി രാജീവ് ഞെട്ടച്ചത്. അതും ഒരു താടിയില്ലാത്ത ഫോട്ടോ ആയിരുന്നു. ആ ചിത്രം പക്ഷെ ഇത് വരെ മറ്റാരും കണ്ടിട്ടുമില്ല.

click me!