'വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' ആ ശബ്ദം ഇനിയില്ല; മലയാളി ഏറെ സ്നേഹിച്ച ആകാശവാണി വാര്‍ത്താ അവതാരകന് വിട

By Web Team  |  First Published Oct 5, 2024, 8:43 PM IST

ആകാശവാണി വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (89) അന്തരിച്ചു. 


'വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' ഇങ്ങനെ മലയാളികൾ കേട്ടു കേട്ട് സ്നേഹിച്ച ആ ശബ്ദം ഇനിയില്ല. വർഷങ്ങളോളം മലയാളികൾ വാർത്തകളും കൗതുക വാര്‍ത്തകളും ഒക്കെയായി കൂടെ കൂട്ടിയ ശബ്ദത്തിനുടമയാണ് ഇന്ന് അന്തരിച്ച എം രാമചന്ദ്രൻ. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിലെത്തിയത്. 1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചതും രാമചന്ദ്രനായിരുന്നു.

വാര്‍ത്താ വായനയില്‍ പുതിയ ശൈലി അവതരിപ്പിച്ചായിരുന്നു അന്ന് രാമചന്ദ്രൻ ആദ്യം ശ്രദ്ധയിലേക്ക് വന്നത്. വാര്‍ത്താ ബുള്ളറ്റിനുകള്‍ക്ക് പുറമേ, ലോകമെമ്പാടുമുള്ള കൗതുകകരമായ വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിനായ കൗതുക വാര്‍ത്തകളും അദ്ദേഹം അവതരിപ്പിച്ചു. നാടകീയമായ സ്വരത്തില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ ശൈലി അദ്ദേഹം രൂപകൽപന ചെയ്തു.

Latest Videos

undefined

1980 കളിലും 90 കളിലും ഏറ്റവും ജനപ്രിയമായ ശബ്ദങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ആകാശവാണിയുടെ ഡല്‍ഹി യൂണിറ്റിലാണ് രാമചന്ദ്രന്‍ തന്റെ റേഡിയോ ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് പുതുതായി ആരംഭിച്ച യൂണിറ്റിലേക്ക് മാറി. അവിടെ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം രാമചന്ദ്രന്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ ചേര്‍ന്നും തന്റെ റോഡിയോ ജീവിതം തുടര്‍ന്നു. വേദിയില്‍ മിമിക്രി കലാകാരന്മാര്‍ തന്റെ ശബ്ദം അനുകരിക്കുന്ന രാമചന്ദ്രന്‍ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു. ആകാശവാണിയില്‍ നിന്ന് വിരമിച്ച ശേഷം മിഡില്‍ ഈസ്റ്റിലെ ചില എഫ്എം സ്‌റ്റേഷനുകളില്‍ ജോലി ചെയ്തു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാമചന്ദ്രന്റെ അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 3.30ന് മുടവൻമുഗളിലെ വസതിയിലെത്തിച്ചു.  നാളെ രാവിലെ 10.30 ന് വീട്ടിൽ നിന്നെടുത്ത് പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 12 ന് തൈക്കാട് ശാന്തികവാടത്തിൽ. പരേതയായ പി. വിജയലക്ഷ്മിയാണ് (റിട്ട. ജോയിൻ്റ് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി) ഭാര്യ. മക്കൾ: ദീപ രാമചന്ദ്രൻ , ജയദീപ് രാമചന്ദ്രൻ മരുമക്കൾ: എസ്.ഉദയകുമാർ, മീര ജയദീപ്. 

ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!