മൂക്കിലെ ദശ ശസ്ത്രക്രിയയിലൂടെ നീക്കാൻ ഡിസംബർ ഒന്നിനാണ് സ്റ്റെബിൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിയത്
കൽപ്പറ്റ: കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം സംസ്കരിച്ചു. കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ വച്ച് ചികിത്സക്കിടെ മരിച്ച ശശിമല സ്വദേശി സ്റ്റെബിന്റെ മൃതേദഹമാണ് വീണ്ടും സംസ്കരിച്ചത്. പോസ്റ്റ്മോർട്ടം ചെയ്യാതെ അടക്കിയ മൃതദേഹം ഇന്നലെ കല്ലറ തുറന്ന് പുറത്തെടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു പോസ്റ്റുമോർട്ടം.
രാത്രി വൈകി പള്ളിയിലെത്തിച്ച മൃതദേഹം വീണ്ടും സംസ്കരിച്ചു. മൂക്കിലെ ദശ ശസ്ത്രക്രിയയിലൂടെ നീക്കാൻ ഡിസംബർ ഒന്നിനാണ് സ്റ്റെബിൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിയത്. എന്നാൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിപ്പെടാൻ ആദ്യം സ്റ്റെബിന്റെ ബന്ധുക്കൾ തയ്യാറായിരുന്നില്ല. പോസ്റ്റ‌്മോർട്ടം പരിശോധനയും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്നാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് | Latest News updates