പരസ്പരം ട്രോളിയും വാദിച്ചും രാജേഷ്, പണിക്കര്‍ പോസ്റ്റ് യുദ്ധം; ഇരുപക്ഷം പിടിച്ച് സോഷ്യല്‍ മീഡിയ

By Web Team  |  First Published Apr 28, 2021, 12:40 AM IST

പാലക്കാട് മുന്‍ എംപിയും, തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷും, സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് യുദ്ധം. 


തിരുവനന്തപുരം: രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ പാലക്കാട് മുന്‍ എംപിയും, തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷും, സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് യുദ്ധം. ഏപ്രില്‍ 24ന് എംബി രാജേഷ് ഇട്ടപോസ്റ്റാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്- എന്ന പോസ്റ്റ് ഇങ്ങനെ.

Latest Videos

undefined

സർക്കാർ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്തോളും എന്ന ബി.ജെ.പി.യുടെ ഉദാരവൽക്കരണ സാമ്പത്തിക ദർശനവും മാനുഷികത തീരെയില്ലാത്ത വർഗ്ഗീയ പ്രത്യയശാസ്ത്രവും ചേർന്നപ്പോഴാണ് ദുരന്തത്തിൻ്റെ ആഴവും ആഘാതവും കൂടിയത്. നിർമ്മല സീതാരാമൻ നേരത്തേ തന്നെ പറഞ്ഞതോർമ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തിൽ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സർക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നർത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയിൽ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്നേഹികൾ?

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ് രാവിലെ ദില്ലിയിൽ നിന്നുള്ള ഒരു ഫോൺ കാളാണ് എന്നെ വിളിച്ചുണർത്തിയത്. അത് ഒരു സഹായ...

Posted by MB Rajesh on Saturday, 24 April 2021

ഇതിനെ തുടര്‍ന്ന് ശ്രീജിത്ത് പണിക്കര്‍ ഇതിന് മറുപടിയായി ഏപ്രില്‍ 25ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. 

//നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്‌നേഹികള്‍?//
തെറ്റ്. താങ്കൾക്ക് ഇത്ര വിവരമില്ലേ? Act of God എന്നത് നിയമപരമായി നിലനില്പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അർത്ഥം. മനുഷ്യ നിയന്ത്രണത്തിൻ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് Act of God. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങൾ ഒക്കെയും Acts of God ആണ്. സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയോട് ചോദിച്ചു നോക്കൂ. കോവിഡ് ഒരു മഹാമാരിയാണ് എന്നതിൽ താങ്കൾക്ക് ഇനിയും സംശയമുണ്ടോ? സ്വന്തം കാര്യം സ്വയം നോക്കണം എന്നു പറയുന്നതിന് അർത്ഥം സർക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നാണോ? എല്ലാവരും ജാഗ്രത പുലർത്തണം എന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞതിന്റെ അർത്ഥവും അതുതന്നെയാണോ? സാമൂഹിക അകലം, മാസ്ക് ധാരണം, കൈകഴുകൽ എന്നിവയൊക്കെ സ്വയം ശ്രദ്ധിക്കേണ്ട സ്വന്തം കാര്യങ്ങൾ തന്നെയാണ്. സംശയമുണ്ടോ? കോവിഡ് കാലത്ത് മരിച്ച ആയിരങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ഭരണകൂടം ആണെങ്കിൽ കേരളത്തിൽ മരിച്ച 5000 പേരെ സംസ്ഥാന ഭരണകൂടം മരണത്തിനെറിഞ്ഞു കൊടുത്ത് കരയ്ക്കിരുന്ന് കണ്ടു എന്നും മനസ്സിലാക്കണോ? 

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്ത ആയതായി കണ്ടു. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ...

Posted by Sreejith Panickar on Saturday, 24 April 2021


ഇതിന് ശേഷം 'ഷൈലോക്കാണോ ഇന്ത്യ ഭരിക്കുന്നത്?' എന്ന പോസ്റ്റാണ് എംബി രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

ഇന്ത്യയിലെ ഏക ഓക്സിജൻ മിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ സംസ്ഥാന സർക്കാറിന് ഒരു പങ്കുമില്ലെന്ന് ! പിന്നെയോ? മോദിയുടെ മികവാണത്രേ !! എന്നാൽ പിന്നെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേയും മോദിക്ക് ഇതുപോലെ കടാക്ഷിച്ചു കൂടായിരുന്നോ? വേണ്ട സ്വന്തം മണ്ഡലം ഉൾപ്പെടുന്ന യുപി യെ എങ്കിലും?
കേന്ദ്രത്തിൻ്റെ കടലാസിൽ കൊട്ടി ഗ്ഘോഷിച്ച 162 പ്ലാൻ്റിൽ യു പി ക്ക് 14 ഉണ്ടായിരുന്നല്ലോ? തുടങ്ങിയതോ വട്ടപ്പൂജ്യം . കേരളം ഓക്സിജൻ മിച്ചമായത് മോഡിയുടെ മാജിക്. മോദിയും യോഗിയും മേയുന്ന യുപിയിലും ഗുജറാത്തിലുമൊക്കെ ഓക്സിജൻ ക്ഷാമത്തിന് കാരണമോ? അതു പിന്നെ പിണറായി തന്നെ. - എന്ന് ഈ പോസ്റ്റില്‍ ചോദിക്കുന്നു.

ഷൈലോക്കാണോ ഇന്ത്യ ഭരിക്കുന്നത്? എന്തൊരു ചതി ! 18-45 പ്രായപരിധിയിലുള്ള വർക്ക് വാക്സിനേഷൻ സ്വകാര്യ മേഖലയിൽ മാത്രം എന്ന്...

Posted by MB Rajesh on Sunday, 25 April 2021

'വെറുതെയാണെങ്കിലും അണികളോട് ഇങ്ങനെയൊന്നും പറയല്ലേ സാറേ...' എന്ന മറുപടി പോസ്റ്റാണ് ഇതിന് ശ്രീജിത്ത് പണിക്കര്‍ ഇട്ടത്. 

കേരളത്തിന്റെ സ്വന്തം KMML 58 കോടി രൂപയ്ക്ക് ഉണ്ടാക്കിയ ഒരൊറ്റ വൻകിട പ്ലാന്റ് കൊണ്ടാണ് കേരളത്തിൽ ഓക്സിജൻ മിച്ചമായതത്രേ. കേരളത്തിലെ പ്രതിദിന മെഡിക്കൽ ഓക്സിജൻ ഉല്പാദനക്ഷമത ഏതാണ് 205 MT ആണ്. ഇതിൽ 149 MTയും ഉല്പാദിപ്പിക്കുന്നത് ഇനോക്സ് എന്ന സ്വകാര്യസ്ഥാപനമാണ്. ആവർത്തിക്കുന്നു, 'സ്വകാര്യസ്ഥാപനമാണ്'. കൊച്ചിൻ ഷിപ്പ്‌യാർഡ്, ബിപിസിഎൽ തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും 11 ASUകളും ഉല്പാദിപ്പിക്കുന്ന ഓക്സിജൻ കൂടി ചേർത്താൽ 199 MT വരും. ബാക്കി വരുന്ന കേവലം 6 MT മെഡിക്കൽ ഓക്സിജനാണ് രാജേഷ് പറയുന്ന ഈ കേരളത്തിന്റെ സ്വന്തം വൻകിട പ്ലാന്റിൽ നിന്ന് കിട്ടുന്നത്. അതായത്, ആകെയുള്ള 205 MTയിൽ ഈ 6 MT ആണത്രേ കേരളത്തിൽ ഓക്സിജൻ മിച്ചമാക്കുന്നത്. എങ്ങനെയുണ്ട്?
KMML ന്റെ ആകെ പ്രതിദിന ഉല്പാദനക്ഷമത 70 MT ഓക്സിജൻ ആണ്. എന്നാൽ പരമാവധി 7 MT മെഡിക്കൽ ഓക്സിജൻ (99.99% ശുദ്ധം) മാത്രമാണ് അവർക്ക് ഉല്പാദിപ്പിക്കാവുന്നത്. ബാക്കിയുള്ളത് വ്യാവസായിക ഓക്സിജൻ (99.95% ശുദ്ധം) ആണെന്ന സത്യം രാജേഷ് കണ്ട ക്യാപ്സൂളിൽ ഉണ്ടാവില്ല. 

വെറുതെയാണെങ്കിലും അണികളോട് ഇങ്ങനെയൊന്നും പറയല്ലേ സാറേ... പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷ് ഇന്നലെയിട്ട ആക്ട് ഓഫ്...

Posted by Sreejith Panickar on Sunday, 25 April 2021

ഇതിന് മറുപടിയായി 'വിടുവായൻമാർ കാണുന്നുണ്ടോ?' എന്ന മറുപടിയുമായി എംബി രാജേഷ് എത്തി. 

പി എം കെയേഴ്സ് ഫണ്ടുപയോഗിച്ച് 551 പ്ലാൻ്റുകൾ ആരംഭിക്കാൻ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങൾ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോൾ പണമുണ്ടായിട്ടും നവംബറിൽ തന്നെ പാർലിമെൻ്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകൾ നാവിട്ടലക്കുകയായിരുന്നു.
3.80 ടൺ ഓക്സിജൻ സൗദി ഇന്ത്യക്ക് സൗജന്യമായി നൽകുമെന്ന വാർത്ത കൂടിയുണ്ട്.
പക്ഷേ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായൻമാർ. ന്യായീകരണ യജ്ഞത്തിൽ പങ്കെടുത്തു തളർന്ന ആ വിടുവായൻമാരെ ഒന്ന് വിശ്രമിക്കാൻ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കിൽ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കിൽ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ. - എന്ന് ഈ പോസ്റ്റ് പറയുന്നു.

വിടുവായൻമാർ കാണുന്നുണ്ടോ? ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാർത്തകൾ. 1. ഓക്സിജൻ ഉൽപ്പാദനം കൂട്ടാൻ പാർലിമെൻ്ററി...

Posted by MB Rajesh on Sunday, 25 April 2021

'ദേ നമ്മുടെ പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷ് വീണ്ടും!' എന്ന മറുപടിയാണ് ശ്രീജിത്ത് പണിക്കര്‍ ഇതിന് നല്‍കിയത്

കേന്ദ്രസർക്കാരിന്റെ ഗസറ്റ് വിജ്ഞാപനമാണ്. 2020 സെപ്റ്റംബറിലേത്. അതായത് രാജേഷ് പറയുന്ന റിപ്പോർട്ട് വരുന്നതിന് രണ്ടുമാസം മുൻപുതന്നെ കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനം. അതിൽ സർക്കാർ പറയുന്നുണ്ട് ഓക്സിജൻ ഉല്പാദനത്തിന്റെ 50% മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന്. ആവശ്യം വരുന്ന മുറയ്ക്ക് വ്യാവസായിക ഓക്സിജനെ മെഡിക്കൽ ഓക്സിജൻ ആക്കുന്നുണ്ടെന്നും പറയുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ആവശ്യപ്രകാരം ഓക്സിൻ ലഭ്യത ഉറപ്പുവരുത്താൻ EG-2 എന്ന ഗ്രൂപ്പിനെ ചുമതലപ്പെടുത്തുന്നു എന്നും പറയുന്നു. ഇതിന്റെ അഞ്ചാമത്തെ പേജിൽ ഓക്സിജൻ വില നിജപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. 
അതായത് രാജേഷ് പറയുന്ന കമ്മിറ്റി 2020 നവംബറിൽ നിർദ്ദേശിച്ച കാര്യങ്ങളൊക്കെ കേന്ദ്രം അതിനു രണ്ടുമാസം മുൻപുതന്നെ നടപ്പാക്കിയിരുന്നു. തുടർന്ന് പിഎം കെയേഴ്സിൽ നിന്ന് നവംബറിൽ തന്നെ 162 PSA ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ പണം അനുവദിക്കപ്പെട്ടു. ഇനി രാജേഷിനോടുള്ള ചോദ്യമാണ്. ആശുപത്രികളിൽ നിന്നുള്ള ആവശ്യപ്രകാരം ഓക്സിജൻ വർദ്ധിപ്പിക്കാനാണ് പാർലമെന്ററി സമിതി നിർദ്ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആശുപത്രികളിൽ നിന്നുള്ള ആവശ്യത്തിന്റെ കണക്ക് പുറത്തുവിടാൻ ധൈര്യമുണ്ടോ? - പോസ്റ്റില്‍ പറയുന്നു.-
എന്നീ വരികള്‍ ഉണ്ടായിരുന്നു.

ദേ നമ്മുടെ പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷ് വീണ്ടും! ഇത്തവണ രാജേഷിന് രണ്ടു വാദങ്ങളാണ് ഉള്ളത്. [1] //ഓക്സിജൻ...

Posted by Sreejith Panickar on Sunday, 25 April 2021

 

ഇതിന് പിന്നാലെ ഏപ്രില്‍ 26ന് എംബി രാജേഷ് ഒരു മറുപടി പോസ്റ്റ് ഇട്ടു.

Act of God എന്നാൽ സാമാന്യ വ്യവഹാരത്തിലും നിയമവ്യവഹാരത്തിലും ഒരേ അർത്ഥം തന്നെ. ദൈവത്തിൻ്റെ  പ്രവൃത്തി അഥവാ ദൈവവിധി, മനുഷ്യാതീതമായ പ്രവൃത്തി എന്നൊക്കെ. കോവിഡ് ലോക്ക്ഡൗൺ, സാമ്പത്തിക തകർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ സർക്കാരിന് പരിമിതിയുണ്ടെന്ന് സ്ഥാപിക്കാനാണ് നിർമ്മലാ സീതാരാമൻ അതു പറഞ്ഞത്. അല്ലാതെ contractual obligation നിറവേറ്റുന്നതിനെപ്പറ്റിയൊന്നുമല്ല. ഇംഗ്ലണ്ടിനെതിരെ കൈകൊണ്ട് ഗോൾ നേടിയ ശേഷം അത് ദൈവത്തിൻറെ കൈയായിരുന്നു എന്ന് മാറഡോണ പറഞ്ഞപോലെ. എനിക്ക് പങ്കില്ല ദൈവവിധി എന്നർത്ഥം. ഇതൊന്നും മനസിലായില്ലെങ്കിൽ, കേരളത്തിൽ പ്രളയം മുതൽ കാറ്റിൽ മരക്കൊമ്പ്  പൊട്ടിവീണാൽ വരെ പിണറായിക്കെതിരായ ദൈവകോപം എന്ന സംഘി പ്രചരണത്തിൻറെ മ്യൂട്ടേറ്റഡ് വേർഷൻ എന്നും പറഞ്ഞാൽ വേഗം തിരിയുമല്ലോ.
നിരീക്ഷകരാണ്. പൂജ്യരാണ്. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കരാണ്.. പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തു വിടുന്നു എന്ന് ആത്മാർത്ഥമായി വിശ്വസിച്ചവരാണ്. സ്വന്തം തലയിൽ ഓക്സിജൻ പ്ലാൻ്റിനേക്കാൾ വലിയ ഗോബർ ഗ്യാസ് പ്ലാൻ്റിൻറെ ഭാരം ചുമക്കുന്നവരാണ്. അജ്ഞരുടെ പാരലൽ വേൾഡിലെ അല്പജ്ഞരാണ്. മൂക്കില്ലാത്തവരുടെ അഭിനന്ദനപ്രവാഹമേറ്റുവാങ്ങി അവർ പുളകിത ഗാത്രരായി കഴിയട്ടെ. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട് എന്ന പരസ്യവാചകം പോലെ, മനുഷ്യർ പ്രാണവായു കിട്ടാതെ മരിച്ചു വീഴുമ്പോൾ അവർക്ക് ആഹ്ലാദിക്കാൻ ഓരോ കാരണങ്ങൾ വേണമല്ലോ.

രണ്ട് അപ്രഖ്യാപിത സംഘികൾ യൂറേക്കാ...യുറേക്കാ എന്നുവിളിച്ച് FBയിലൂടെ ഓടുന്നതായി ഇപ്പോഴാണറിഞ്ഞത്. കുളിത്തൊട്ടിയിൽ...

Posted by MB Rajesh on Monday, 26 April 2021

ഇതിന് മറുപടിയായി 'പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന് സ്നേഹപൂർവം…' എന്ന പേരിലുള്ള പോസ്റ്റാണ് ശ്രീജിത്ത് പണിക്കര്‍ ഇട്ടത്

ഇപ്പോഴും താങ്കൾക്ക് ആക്ട് ഓഫ് ഗോഡിന്റെ അർത്ഥം അറിയുമോ എന്നെനിക്ക് സംശയമുണ്ട്. ദൈവത്തിന്റെ പ്രവൃത്തി, ദൈവവിധി, മനുഷ്യാതീതമായ പ്രവൃത്തി എന്നൊന്നും ആക്ട് ഓഫ് ഗോഡിന് സാമാന്യ വ്യവഹാരത്തിലോ നിയമ വ്യവസ്ഥയിലോ അർത്ഥമില്ല. ഒരു വിഷയവുമായി ബന്ധപ്പെട്ട ആൾക്കാരുടെ നിയന്ത്രണത്തിൽ അല്ലാതെ സംഭവിക്കുന്ന കാര്യങ്ങളെയാണ് ആക്ട് ഓഫ് ഗോഡ് എന്നു പറയുന്നത്. അത് മനുഷ്യാതീതം ആകണമെന്നില്ല; മനുഷ്യർ ചെയ്യുന്നതും ആവാം. ഉദാഹരണത്തിന്, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നിയമപ്രകാരം ആക്ട് ഓഫ് ഗോഡ് ആയിരുന്നു. അതിനർത്ഥം അത് ദൈവവിധി ആയിരുന്നെന്നോ മനുഷ്യാതീത പ്രവൃത്തി ആയിരുന്നെന്നോ അല്ല. അത് ചെയ്തത് മനുഷ്യർ തന്നെയാണ്. എന്നാൽ ആ ദുരന്തത്തിനു പാത്രീഭവിച്ചവരുടെ നിയന്ത്രണത്തിന് അതീതമായ കാര്യമായിരുന്നു ആ സംഭവം എന്നുമാത്രം. ഇനി, സാമാന്യ വ്യവഹാരത്തിലെ അർത്ഥം പരിശോധിക്കൂ. ഓക്സ്ഫോർഡ്, കേംബ്രിജ്, മക്മില്ലൻ, മെറിയം വെബ്സ്റ്റർ തുടങ്ങി ഏത് നിഘണ്ടു വേണമെങ്കിലും നോക്കിക്കോളൂ. ദൈവവിധി എന്നൊരർത്ഥം ആക്ട് ഓഫ് ഗോഡ് എന്ന പ്രയോഗത്തിനില്ല. ചൈനയിലോ ക്യൂബയിലോ അടിച്ച വല്ല ഡൂക്കിലി നിഘണ്ടുവിലും അങ്ങനെയൊരു അർത്ഥമുണ്ടോയെന്ന് അറിയില്ല. 

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന് സ്നേഹപൂർവം… താങ്കളുടെ പോസ്റ്റ് കണ്ടു. മുൻപും ചർച്ചകളിൽ താങ്കൾ എന്നെ സംഘിയെന്ന്...

Posted by Sreejith Panickar on Monday, 26 April 2021

'ഇന്ന് തന്നെ രൊക്കം' എന്ന മറുപടിയുമായി മണിക്കൂറുകള്‍ക്കുള്ളില്‍ എംബി രാജേഷ് പുതിയ പോസ്റ്റുമായി രംഗത്ത് എത്തി.

നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന വാക്സിൻ സൗജന്യമാക്കണമെങ്കിൽ പിന്നെ KSRTC യിൽ ടിക്കറ്റ് എടുക്കുന്നത് എന്തിനാ എന്നൊക്കെയുള്ള തനി തറ  താർക്കിക കുയുക്തിയാണ് കയ്യിലുള്ളത്.അതു കേട്ട് കിടുവേ എന്ന് അഭിനന്ദിക്കുന്ന ചാണകവരട്ടിത്തലകളാണ് ശക്തി. ആ തലകൾ തിങ്ങിയ സംഘി രാജ്യത്തെ മുറിമൂക്കനാണ് കക്ഷി.
പാൻഡെമിക് ആണ്. ദശ ലക്ഷങ്ങൾ രോഗബാധിതരാണ്. ആയിരങ്ങൾ പ്രതിദിനം മരിക്കുകയാണ്.10 ശതമാനത്തിനു പോലും വാക്സിൻ ലഭിച്ചിട്ടില്ല.  ദരിദ്ര ജന കോടികൾക്ക് വില താങ്ങില്ല. വാക്സിനേഷൻ മാത്രമാണ് ഈ മനുഷ്യ ജീവനുകൾ രക്ഷിക്കാനും ദുരന്തത്തെ നേരിടാനുള്ള ആത്യന്തിക പോംവഴി.അപ്പോഴാണ് ജീവൻ രക്ഷാ വാക്സിൻ സൗജന്യമാക്കണമെന്ന മനുഷ്യത്വപരവും ജനാധിപത്യപരവുമായ ആവശ്യം KSRTC ടിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. മിനിമം ബോധമുള്ളവരാരെങ്കിലും ഈ വിഡ്ഡിച്ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുമോ?
2.ജീവൻ രക്ഷാ മരുന്നുകളുടെ വിൽപ്പനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്.( സൈനയിഡ് ഇന്ത്യാ കേസ് 1997) വല്ലതും കേട്ടിട്ടുണ്ടോ പണ്ഡിത മൂഢൻ? ഉണ്ടെങ്കിൽ ആ പൈശാചിക നടപടിയെ ന്യായീകരിക്കുമോ? - എന്ന് രാജേഷ് ചോദിക്കുന്നു

ഇന്ന് തന്നെ രൊക്കം ഇന്നലെ രാത്രി 'യാരോ ഒരാൾ ' ടൈം ഔട്ട് വിളിച്ചിരുന്നുവത്രേ. സൂര്യാസ്തമയം കഴിഞ്ഞാൽ പോസ്റ്റിടരുതത്രേ....

Posted by MB Rajesh on Tuesday, 27 April 2021

ഇതിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍ എത്തിയിടത്താണ് ഇപ്പോള്‍ ഈ ചര്‍ച്ച നില്‍ക്കുന്നത്

പാൻഡമിക് ആണെന്ന് താങ്കൾക്ക് മാത്രമല്ലല്ലോ അറിവുള്ളത്. ദരിദ്രജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാക്കണമെന്ന കാര്യത്തിലും സംശയമില്ല. കേരള ജനതയ്ക്ക് 2000 കോടി മുടക്കി വാക്സിൻ വാങ്ങുമെന്ന് പ്രഖ്യാപനം നടത്തിയത് ധനമന്ത്രി തോമസ് ഐസക്കാണ്. തിരഞ്ഞെടുപ്പിനു മുൻപ്. കയ്യിലിരിക്കുന്ന പണം കൊടുത്ത് അത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതും ഐസക്കാണ്. തിരഞ്ഞെടുപ്പിനു ശേഷം. നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല. സർക്കാരിന്റെ കയ്യിൽ ബാക്കിയുണ്ടെന്ന് പറഞ്ഞ 5000 കോടി ഇപ്പോൾ 3000 കോടിയായി. അതിൽ നിന്നും 1300 കോടി എടുത്തുവീശാൻ എന്തേ വയ്യെന്ന് താങ്കൾ അദ്ദേഹത്തോട് ചോദിച്ചില്ലേ? ഐസക് പറയുന്നത് കേട്ട് കിടുവേ എന്നു പറയാൻ അങ്ങയുടേത് ചാണകവരട്ടിത്തല അല്ലല്ലോ. കഴിഞ്ഞ ബജറ്റിൽ വാക്സിൻ സൗജന്യമെന്ന് പറഞ്ഞിട്ടും ഒരു രൂപ നീക്കിവക്കാഞ്ഞത് എന്തേ സഖാവേ എന്നെങ്കിലും ചോദിക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞില്ലല്ലോ. കേന്ദ്രം 50% വാക്സിൻ വാങ്ങി സൗജന്യമായി നൽകുന്നു. അതോ അതെല്ലാം മോദിക്ക് മാത്രം നാലുനേരം വെച്ച് കുത്തിവെക്കുകയാണെന്നാണോ സഖാവ് കരുതുന്നത്? കണക്കിൻ പ്രകാരം കേന്ദ്രം സൗജന്യമായി കേരളത്തിനു നൽകിയത് ഇന്നലെ വരെ 67 ലക്ഷം വാക്സിൻ. കേരളം പട്ടിണിപ്പാവങ്ങൾക്ക് നൽകിയത് ആനമൊട്ട. വാക്സിൻ കമ്പനികളുമായി അഞ്ചുദിവസം മുൻപ് തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണത്രേ! കഷ്ടം. കെഎസ്ആർടിസി ടിക്കറ്റുമായി താരതമ്യം ചെയ്തത് ഒരു പൊട്ടയുക്തിയെയാണ്. പൊതുജനങ്ങളുടെ പണം മുടക്കി വാങ്ങുന്ന വസ്തുവിന് വീണ്ടും പൊതുജനം പണം മുടക്കരുതെന്ന പൊട്ടയുക്തിയെ. സാധാരണ മനുഷ്യർക്കൊപ്പം, പോത്തിൻകാട്ടം വരട്ടിയ തലകളുമായി നടക്കുന്നവർക്കും ഇതൊക്കെ മനസ്സിലാകാനാണ് - എന്ന് ശ്രീജിത്ത് പണിക്കര്‍ എഴുതുന്നു.

ആത്മാർത്ഥ സ്നേഹിതനും പാലക്കാട്ടെ സിപിഎം അംഗവുമായ എം ബി രാജേഷ് ഇട്ട പോസ്റ്റ് നന്നായി. വാട്ടെബൗട്ടറിയിൽ എംഎ എന്നൊരു...

Posted by Sreejith Panickar on Tuesday, 27 April 2021


ഇരുഭാഗവും ചേര്‍ന്ന് നിരവധിപ്പേരാണ് ഈ ചര്‍ച്ചകളോട് പ്രതികരിക്കുന്നത്. അതേ സമയം തന്നെ സോഷ്യല്‍ മീഡിയയിലെ ഈ യുദ്ധം ട്രോളുകളായും പോസ്റ്റുകളുമായി മറ്റ് രാഷ്ട്രീയ ട്രോള്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. അടുത്തതായി ആര് പോസ്റ്റിടും എന്നതാണ് ഫേസ്ബുക്കിലെ രാഷ്ട്രീയതല്‍പ്പര്യകക്ഷികള്‍ ഉറ്റുനോക്കുന്നത്.

click me!