മറ്റപ്പള്ളിയിലെ കുന്നിടിക്കൽ; നടപടിക്രമങ്ങൾ പാലിച്ചില്ല, വീഴ്ചയുണ്ടായാൽ നടപടി: കളക്ടറുടെ റിപ്പോർട്ട്

By Web TeamFirst Published Nov 30, 2023, 8:27 AM IST
Highlights

ഫയൽ കാണാനില്ലെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബോധപൂർവ്വമായ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിക്ക് സാധ്യതയുണ്ട്. അന്തിമ റിപ്പോർട്ട്  മന്ത്രിമാരായ പി പ്രസാദിനും കെ രാജനും കൈമാറി. 
 

ആലപ്പുഴ: ആലപ്പുഴ മറ്റപള്ളിയിലെ കുന്നിടിക്കലിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ ലംഘിച്ചത് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ്. ഫയൽ കാണാനില്ലെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബോധപൂർവ്വമായ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. കുന്നിടിക്കുന്നതിനെതിരെയുള്ള സെസ് റിപോർട്ടും ഉദ്യോഗസ്ഥർ ഗൗരവത്തിലെടുത്തില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ബോധപൂർവമായ വീഴ്ച ഉണ്ടായാൽ കർശന നടപടിയുണ്ടാവുമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട്  മന്ത്രിമാരായ പി പ്രസാദിനും കെ രാജനും കൈമാറി. മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ ആരംഭിച്ചിരുന്നു. 

വീണ്ടും കുന്നിടിക്കൽ ആരംഭിച്ചതിൽ പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ് രം​ഗത്തെത്തിയിരുന്നു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോടതി വിധി നടപ്പാക്കുന്നതിനായി സംരക്ഷണം കൊടുക്കാൻ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്നങ്ങളുണ്ട്. കളക്ടറുടെ അന്വേഷണം പൂർത്തിയായിട്ടില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. 

Latest Videos

സ്വീകരിക്കുന്നതിനിടയിൽ എൻസിസി കേഡറ്റിൻ്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടി; സംഭവം മഞ്ചേരിയിൽ നവകേരള സദസിനിടെ

മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ തുടങ്ങിയത്. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്നും മണ്ണെടുക്കാനുള്ള കോടതി അനുമതിയുടെ അടിസ്ഥാനത്തിലാണെത്തിയതെന്നും കരാറുകാരൻ പറഞ്ഞിരുന്നു. എന്നാൽ മണ്ണെടുപ്പ് തുടങ്ങിയതോടെ നാട്ടുകാരും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ പ്രകടനമായി കുന്നിലേക്കെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജനങ്ങളെ അണിനിരത്തി ശക്തമായി എതിർക്കുമെന്നാണ് സിപിഎം പ്രദേശിക  നേതാക്കളുടെയും പ്രതികരണം. 

https://www.youtube.com/watch?v=Ko18SgceYX8

 

click me!