ഒരൊറ്റ നിമിഷം; മരടിൽ ജെയിൻ കോറൽ കോവ് നിലം പൊത്തി

By Web Team  |  First Published Jan 12, 2020, 11:04 AM IST

നെട്ടൂര്‍ കായലിലേക്ക്  ഏറ്റവും കുറച്ച് അവശിഷ്ടങ്ങൾ മാത്രം പതിക്കുന്ന വിധത്തിൽ "റെയിൻ ഫാൾ" മാതൃകയിലാണ് സ്ഫോടനം ക്രമീകരിച്ചിരുന്നത് .


കൊച്ചി: തീരദേശ നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശിച്ച മരടിലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം നിലം പൊത്തി. പൊളിച്ച് മാറ്റാൻ തീരുമാനിച്ചതിൽ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ആയത് കൊണ്ടുതന്നെ വലിയ ആകാംക്ഷക്ക് ഒടുവിലാണ് സ്ഫോടനം നടന്നത്.

10.55 ന് രണ്ടാം സൈറൺ മുഴങ്ങി. പൊലീസ് അവസാന വട്ട സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കി. കൃത്യം 11.1ന്  ന് മൂന്നാം സൈറൺ. കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ബ്ലാസ്റ്റ് ഷെഡ്ഡിലേക്ക് എത്തി.  വെറും നിമിഷങ്ങളുടെ ഇടവേളക്കിടെ ഒന്ന് മൂന്ന് ആറ് പന്ത്രണ്ട് എന്ന രീതിയിൽ വിവിധ നിലകളിൽ സ്ഫോടനം. പിന്നെ ഒരു വശം ചരിഞ്ഞ് ജെയിൻ കോറൽ കോവ് എന്ന ഭീമൻ കെട്ടിടം നിലംപരിശാകുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ. 17 നില കെട്ടിടം നിലംപൊത്താനെടുത്തത് വെറും 9 സെക്കന്‍റ്. 

Latest Videos

undefined

രണ്ടാം ദിവസത്തിൽ നിയന്ത്രിത സ്ഫോടനം നിശ്ചയിച്ചിരുന്ന രണ്ട് ഫ്ലാറ്റുകളിൽ ആദ്യത്തേതാണ് തകര്‍ന്ന് വീണത്. തൊട്ടടുത്ത് കായലായതിനാൽ കായലിലേക്ക് ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങൾ പരമാവധി കുറച്ച് വീഴുന്ന വിധത്തിലാണ് സ്ഫോടനം ക്രമീകരിച്ചിരുന്നത്.ഫ്ലാറ്റിന് ചുറ്റും കായൽ ചുറ്റിവരുന്നത് പോലെയാണ് ഇവിടുത്തെ ഭൂപ്രകൃതി.അതുകൊണ്ടുതന്നെ കായലിന് അപ്പുറത്ത് ഫ്ലാറ്റിന് അടുത്തുള്ള തുറസായ സ്ഥലത്തേക്ക് റെയിൻ ഫാൾ മാതൃകയിൽ ചെരിഞ്ഞ് അമരുന്ന രീതിയിലായിരുന്നു സ്ഫോടനം. 

കഴിഞ്ഞ ദിവസത്തിൽ നിന്ന് വ്യത്യസ്ഥമായി വൻ പൊടിപടലമാണ് ഫ്ലാറ്റ് തകര്‍ന്ന് വീണതോടെ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. പൊടിപടലങ്ങൾ നിയന്ത്രിക്കാൻ ഫയര്‍ ഫോഴ്സ് സംഘം അടക്കം നേരത്തെ തന്നെ സജ്ജമായിരുന്നു. കായലുമായി ചേര്‍ന്നിരിക്കുന്ന വീടുകളും നിറയെ മത്സ്യതൊഴിലാളികളും ഉള്ള പ്രദേശമായതിനാൽ സുരക്ഷ മുൻനിര്‍ത്തി എല്ലാവരേയും ഒഴിപ്പിച്ചിരുന്നു. 

പത്തരക്ക് തന്നെ ആദ്യ സൈറൻ മുഴങ്ങിയതോടെയാണ് ഫ്ലാറ്റിൽ സ്ഫോടനം നടത്താനുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്. 20700 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് ജെയിൻ കോറൽ കോവ് തകര്‍ന്ന് വീണതോടെ മണ്ണടിഞ്ഞത്. ഞായറാഴ്ചയും അവധി ദിവസവും ആയതിനാൽ വലിയ ആൾക്കൂട്ടം കെട്ടിടം തകര്‍ന്ന് വീഴുന്നത് കാണാൻ മരട് മേഖലയിൽ കേന്ദ്രീകരിച്ചിരുന്നു. ഏറെ പാടുപെട്ടാണ് പൊലീസ് ആൾത്തിരക്ക് നിയന്ത്രിച്ചത്. 

തുടര്‍ന്ന് വായിക്കാം: 
 

ഫ്ലാറ്റ് പൊളിച്ച് മാറ്റിയത് പ്രതീക്ഷിച്ചപോലെ തന്നെ സുരക്ഷിതമായും അപകടങ്ങൾ ഇല്ലാതെയും കൃത്യതയോടെ ആണെന്ന് വിദഗ്ധ സംഘം വിലയിരുത്തി. കായലിലേക്ക് അവശിഷ്ടങ്ങൾ കായലിക്ക് വീണില്ല. ഓപ്പറേഷൻ പൂര്‍ണ്ണ വിജയമായിരുന്നു എന്ന് ജില്ലാ കളക്ട്ര്‍ പ്രതികരിച്ചു. ഇന്നത്തെ സ്ഫോടനം കൂടുതൽ കൃത്യമാണെന്ന് ഫ്ലാറ്റ് പൊളിക്കൽ കരാറെടുത്ത കമ്പനി എംഡി ഉത്കര്‍ഷ് മേത്തയും പ്രതികരിച്ചു. 

click me!