സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം, അപേക്ഷ സമയബന്ധിതമായി പരിശോധിക്കും, സറോഗസി നിയമം കർശനമായി പാലിക്കണമെന്ന് മന്ത്രി

By Web TeamFirst Published Oct 18, 2024, 8:02 PM IST
Highlights

സ്ഥാപനങ്ങൾ രജിസ്റ്റര്‍ ചെയ്യണം, അപേക്ഷകൾ സമയബന്ധിതമായി പരിശോധിക്കും, എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം

തിരുവനന്തപുരം: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 18 എ ആര്‍ ടി ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ ആര്‍ ടി ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ ആര്‍ ടി ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങള്‍ തടയുന്നതിനും പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും പരാതികള്‍ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.

Latest Videos

പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകള്‍ക്കാണ് അംഗീകാരം നല്‍കി വരുന്നത്. സറോഗസി ക്ലിനിക്, എആര്‍ടി ലെവല്‍ 1 ക്ലിനിക്, എആര്‍ടി ലെവല്‍ 2 ക്ലിനിക്, എആര്‍ടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോര്‍ഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമാണ്. സ്റ്റേറ്റ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നല്‍കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.

ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!