'10 ലക്ഷം നൽകിയത് ഈ കാരണത്താൽ', തിരൂർ തഹസീൽദാരുടെ മൊഴി വിചിത്രം; എന്തിനിത്ര പണം നൽകി? അടിമുടി ദുരൂഹത

By Web Team  |  First Published Nov 10, 2024, 12:33 PM IST

സംഭവത്തിൽ രണ്ടു കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നേരത്തെ മറ്റു കേസുകളിലും അറസ്റ്റിലായ ഇവർ ഡെപ്യൂട്ടി തഹസീൽദാറെ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. 


മലപ്പുറം: മലപ്പുറം തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവത്തിൽ ബ്ലാക്ക് മെയിലിംഗ് വ്യക്തമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. പിടിയിലായ മൂന്നുപേർക്ക് പുറമെ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. മലപ്പുറം രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് പിടിയിലായത്. 

സംഭവത്തിൽ രണ്ടു കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നേരത്തെ മറ്റു കേസുകളിലും അറസ്റ്റിലായ ഇവർ ഡെപ്യൂട്ടി തഹസീൽദാറെ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. വീട്ടിലേക്ക് തിരിച്ചെത്തിയ പിബി ചാലിബിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് ബ്ലാക്മെയിലിങ്ങിൻ്റെ കഥ പുറത്തുവന്നത്. ചാലിബിനെ കാണാതായതിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ 10 ലക്ഷത്തോളം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. ഇതെല്ലാം സംശയത്തിന് ഇടയാക്കിയിരുന്നു. തഹസിൽദാർ നൽകിയ മൊഴിയിലാണ് ബ്ലാക്ക് മെയിലിങ്ങ് കാര്യം ഉള്ളത്.

Latest Videos

undefined

തന്നെ പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് മൂന്നം​ഗ സംഘം ചാലിബിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മൊഴിയിലുള്ളത്. അതുമാത്രമല്ല, തുടർച്ചയായി വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ മാനസികാവസ്ഥായിൽ നാടുവിട്ടു എന്നാണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത് ബ്ലാക്ക് മെയിലിങ്ങ് മാത്രമല്ല, സദാചാര സംഭവം പോലെയുള്ള വിഷയമാണെന്നാണ്. എന്നാൽ ചാലിബ് പോക്സോ കേസിൽ ഉൾപ്പെട്ടതായി പരാതിയോ മറ്റോ ഇല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഏതെങ്കിലും പെൺകുട്ടിയോട് മോശമായി സംസാരിച്ചതായോ പെരുമാറിയതായോ പൊലീസിനും കണ്ടെത്താനായിട്ടില്ല. അതിനാൽ 10,30000 രൂപ എന്തിന് നൽകിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

എന്തിനാണ് ഇത്രയും രൂപ നൽകിയതെന്നുള്ള ചോദ്യത്തിന് പോക്സോ കേസ് ആരോപണം വന്നാൽ താൻ അതിൽ ഉൾപ്പെട്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുമെന്ന വിചിത്രമായ മറുപടിയാണ് ചാലിബ് നൽകുന്നത്. വീട്ടിലും സമൂഹത്തിലും കുറച്ചുപേരെങ്കിലും തന്നെ മോശക്കാരായി ചിത്രീകരിക്കും. മൂന്നു തവണയായാണ് പണം നൽകിയത്. ആദ്യഘട്ടത്തിൽ കുറച്ച് പണം നൽകി. അതിൽ നിർത്താതെ വന്നപ്പോൾ വീണ്ടും പണം നൽകിയെന്നാണ് ചാലിബ് പറയുന്നത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴുണ്ടായ പ്രതിസന്ധിയിലാണ് നാടുവിട്ടതെന്നും തഹസീൽദാർ വ്യക്തമാക്കി. എന്നാൽ വിചിത്രമായ ഈ മൊഴികളാണ് പൊലീസ് അന്വേഷിക്കുന്നത്.  

തിരൂർ മാങ്ങാട്ടിരി സ്വദേശിയായ ചാലിബിനെ കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. മൊബെൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉടുപ്പിയിലുമാണ് കാണിച്ചത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൂന്നാം നാൾ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തി. പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

എൻ പ്രശാന്തിനെതിരെ കൂടുതൽ ആരോപണം; 'കോഴിക്കോട് 'കളക്ടർ ബ്രോ' ആയിരിക്കെ ഫണ്ട് വക മാറ്റി കാർ വാങ്ങി'

 

click me!