കോടതിയിലും ഇതേ ധൈര്യത്തോടെ വരണം. ഇനിയുള്ള തലമുറ സമാധാനത്തോടെ സിനിമാ മേഖലയിൽ ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകണമെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: സിദ്ദിഖിന്‍റേത് അനിവാര്യമായ രാജിയെന്ന് ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മിയും മാല പാർവതിയും. ആരോപണം വരുമ്പോൾ മാറിനിൽക്കുക എന്നതാണ് ഉചിതമായ തീരുമാനമെന്ന് ഇരുവരും പറഞ്ഞു. യുവനടിയുടെ ആരോപണത്തിന് പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചത്.
സ്ത്രീകൾ പുറത്തേക്ക് വന്നാൽ മാത്രമേ പ്രതിവിധിയുണ്ടാകൂ. ഓരോരുത്തരായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. വളരെ സന്തോഷമുണ്ട്. ഈ ധൈര്യം അവസാനം വരെയുണ്ടാകണം. കോടതിയിലും ഇതേ ധൈര്യത്തോടെ വരണം. ഇനിയുള്ള തലമുറ സമാധാനത്തോടെ സിനിമാ മേഖലയിൽ ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകണമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
മറ്റുള്ളവർ നമ്മളെ സംരക്ഷിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കരുത്. എഫ്ഐആർ വരെ സർക്കാരിന് കൂടെനിൽക്കാം. കോടതിയിൽ എത്തേണ്ടത് ആരോപണം ഉന്നയിച്ച സ്ത്രീകളാണ്. അതിനുള്ള ധൈര്യം കാണിക്കണമെന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോൾ ഡബ്ല്യുസിസിയും തന്നെപ്പോലെ ചിലരും മാത്രമേ അവളോടൊപ്പം ഉണ്ടായിരുന്നുള്ളൂ. അന്ന് പരിഹസിക്കാൻ സിനിമയിലെ ചില സ്ത്രീകൾ തന്നെ രംഗത്തുവന്നു. കൂടെയാരുമുണ്ടാവില്ല എന്ന ഭയം കൊണ്ടാണ് സ്ത്രീകൾ മുന്നോട്ട് വരാത്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
നടി രേവതി സമ്പത്ത് തുറന്ന് പറഞ്ഞ കാര്യങ്ങൾ സമൂഹവും സർക്കാരും ഗൌരവത്തോടെ കാണണമെന്ന് മാല പാർവതി ആവശ്യപ്പെട്ടു. ഡബ്ല്യുസിസി തുടങ്ങി വെച്ചത് വലിയൊരു പോരാട്ടമാണെന്നും പാർവതി പ്രതികരിച്ചു.
അമ്മ പ്രസിഡന്റ് മോഹൻലാലിന് ഇന്നാണ് സിദ്ദിഖ് രാജിക്കത്ത് നൽകിയത്. യുവ നടി രേവതി സമ്പത്ത് ഗുരുതര പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം. ഒരു സിനിമാ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞ് തന്നെ സിദ്ദിഖ് വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയതെന്ന് നടി പറഞ്ഞു. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമാ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രാധാന്യം നൽകണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.
'സിദ്ദിഖിന്‍റെ രാജി ആവശ്യപ്പെട്ട് ഞാൻ മോഹൻലാലിന് മെയിൽ ചെയ്തിരുന്നു': അനൂപ് ചന്ദ്രൻ