വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതുപോലെ വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്...
undefined
സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയാന്‍ പരമാവധി സര്‍ക്കാര്‍ ശ്രമിക്കും. ജാഗ്രത പാലിച്ചില്ലെങ്കില്‍ രോഗ വ്യാപന തോത് നിയന്ത്രണാതീതമാകും. ഈ മുന്‍കരുതലിന്റെ ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേരളസര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ കേന്ദ്രസര്‍ക്കാറിനോട് മുന്നോട്ടവച്ച ആവശ്യമാണ്.
മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും വിദേശത്ത് നിന്ന് വരുന്നവരുടെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. വന്ദേഭാരത് വഴി വരുന്നവര്‍ക്കും ഇത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ആദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാട്ടേര്‍ഡ് ഫ്‌ളാറ്റിന് കേരളം എന്‍ഓസി നല്‍കിയിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരികയെന്നാണ് കമ്പനി തന്നെ മുന്നോട്ടുവച്ച നിബന്ധന.
ചില സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന് അനുമതി ചോദിച്ചപ്പോള്‍ അത് നല്‍കി. അവരോടും സ്‌പൈസ് ജെറ്റ് ചെയ്യുന്നതുപോലെ കൊവിഡ് പരിശോധന വേണമെന്ന് അറിയിച്ചു. എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. എല്ലാവര്‍ക്കും ഒരേ മാനദണ്ഡമാകണം. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് സിഇഒ തന്നെ അറിയിച്ചിട്ടുണ്ട്.
ഇതിനകം ഇരുപതിലധികം വിമാനങ്ങള്‍ ടെസ്റ്റ് നടത്തിയ യാത്രക്കാരുമായാണ് വന്നത്. ജൂണ്‍ മുപ്പതിനകം 100 വിമാനങ്ങള്‍ വരുന്നുണ്ടെന്നും, ജൂണ്‍ 20ന് ശേഷം ഓരോരുത്തര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. പിസിആര്‍ ടെസ്റ്റിന് പ്രയാസമുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് ആന്റീബോഡി ടെസ്റ്റ് നടത്താവുന്നതാണ്. അതിന്റെ ഫലം പെട്ടെന്ന് ലഭിക്കും. ട്രൂനാറ്റ് എന്ന പരിശോധനാ രീതി വ്യാപകമായിട്ടുണ്ട്. അതിന് കുറഞ്ഞ ചെലവേ വരൂ. യാത്രക്കാര്‍ക്കും മറ്റും ഉചിതമായ ടെസ്റ്റ് എന്നാണ് അതിനെ കുറിച്ച് പറയുന്നത്. ആയിരം രൂപകൊണ്ട് ചെയ്യാവുന്ന ടെസ്റ്റിന് 10000 രൂപവരെ ഈടാക്കുന്ന ഇടങ്ങളുണ്ട്. ഇത് അംഗീകരിക്കാനാവില്ല.
രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. അത് വലിയ അപകടത്തിന് കാരണമാകും. ആവശ്യം കേന്ദ്ര സര്‍ക്കാറിനോടാണ്. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ എംബസികള്‍ വഴി ആവശ്യമായ സംവിധാനമുണ്ടാക്കണം. ഇതാണ് പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യങ്ങളുമായി ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങൡും വന്ദേഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാണ് എന്നുതന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. പ്രവാസികള്‍ വരേണ്ടെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. അവര്‍ക്ക് പരിശോധന നിര്‍ബന്ധമാണെന്ന് മാത്രമാണ് പറഞ്ഞത്.