വിശ്വാസികളെ തൊട്ടുകളിക്കരുത്, കോണ്‍ഗ്രസിനൊപ്പം ചങ്കൂറ്റത്തോടെ നിൽക്കും: മേജര്‍ രവി

By Web Team  |  First Published Feb 12, 2021, 11:47 AM IST

ഐശ്വര്യ കേരള യാത്ര തൃപ്പുണിത്തുറയിൽ എത്തിയപ്പോൾ ആണ് മേജർ രവിയും വേദിയിൽ എത്തിയത്. ചെന്നിത്തലയും എറണാകുളം എംപി ഹൈബി ഈഡനും ചേർന്ന് അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു.


കൊച്ചി: കോൺ​ഗ്രസ് ബന്ധം ശക്തമാക്കി നടനും സംവിധായകനുമായ മേജർ രവി ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പുണിത്തുറയിൽ എത്തിയപ്പോൾ ആണ് മേജർ രവിയും വേദിയിൽ എത്തിയത്. ചെന്നിത്തലയും എറണാകുളം എംപി ഹൈബി ഈഡനും ചേർന്ന് അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു.

മേജർ രവിയുടെ വാക്കുകൾ - 

Latest Videos

undefined

എനിക്കൊരു പാർട്ടിയിലും അം​ഗത്വമില്ല. ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മനുഷ്യനാണ് രാജീവ് ​ഗാന്ധി. അദ്ദേഹം മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ ഏറെ വേദന തോന്നിയിരുന്നു. അദ്ദേഹത്തിൻ്റെ ഘാതകരെ കൈയിൽ കിട്ടണേ എന്ന് ഭ​ഗവാനോട് പ്രാർത്ഥിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിൻ്റെ കൊലപാതകികളെ പിടികൂടാൻ നിയോ​ഗിക്കപ്പെട്ട സംഘത്തിലെ അം​ഗമായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. എൻ്റെ പ്രാർത്ഥന ഭ​ഗവാൻ കേട്ടതിനാലാണ് ആ നിയോ​ഗം എനിക്കുണ്ടായത് എന്നാണ് എൻ്റെ വിശ്വാസം.

ഞാൻ  ഒരു ഹിന്ദുവാണ്. അതു പറയുന്നതിൽ അഭിമാനിക്കുന്നയാളാണ് താൻ. അതിനർത്ഥം താൻ ഇതരമതസ്ഥർക്ക് എതിരാണ് എന്നല്ല. 2018-ലെ പ്രളയത്തിൽ  ഇരുന്നൂറോളം കുടുംബങ്ങളെ രക്ഷപ്പെടുത്തി നമ്മൾ കൊണ്ടു പോയി പാർപ്പിച്ചത് സ്ഥലത്തെ ഒരു പള്ളിയിലാണ്. സ്വന്തം വിശ്വാസത്തിൽ ഉറച്ച് ജീവിക്കാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. എന്നാൽ അതിൻ്റെ മേൽ കുതിര കയറാൻ ആർക്കും അവകാശമില്ല. ഇന്നു ഹിന്ദുവിൻ്റെ മേലെ കുതിര കയറിയ സർക്കാർ നാളെ ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും ഇതു തന്നെ ആവർത്തിക്കും. 

ഈ വേദിയിൽ വച്ച് പ്രതിപക്ഷനേതാവ് എനിക്ക് രണ്ട് കാര്യത്തിൽ ഉറപ്പ് തരണം. ഒന്ന് എൻ്റെ അമ്മയേക്കാൾ പ്രായമുള്ള സ്ത്രീകളെയാണ് ശബരിമല വിഷയത്തിൽ നാമജപം നടത്തി എന്ന പേരിൽ ഈ സർക്കാർ കേസിൽപ്പെടുത്തിയിരിക്കുന്നത്. ആ കേസുകൾ പിൻവലിക്കാൻ കോൺ​ഗ്രസ് സർക്കാർ തയ്യാറാവണം. മറ്റൊന്നു നൂറുകണക്കിന് പാവപ്പെട്ട ചെറുപ്പക്കാരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത്. വളരെ കഷ്ടപ്പെട്ട് ഒരു ജോലി നേടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ചെറുപ്പാക്കരെ ചതിച്ചു കൊണ്ട് പിൻവാതിൽ വഴി ആളുകളെ കയറ്റുന്ന സർക്കാർ നടപടി റദ്ദാക്കണം. 

ഓരോരുത്തർക്കും വിശ്വാസമുണ്ട്. അതിൽ തൊട്ടു കളിക്കരുത്. സ്വാമിയേ ശരണമയ്യപ്പ എന്ന് വിളിക്കരുതെന്ന് ഇന്ന് ഹിന്ദുവിനോട് പറഞ്ഞത് നാളെ മറ്റ് മതക്കാരോടും പറയും. കൊടി പിടിച്ച് നടക്കുന്ന എത്ര പേരെ സർക്കാർ പിൻവാതിലൂടെ കയറ്റി. ഈ നിയമനങ്ങളൊക്കെ റദ്ദാക്കണം.  കോൺഗ്രസ് ഭരണത്തിലെത്തും. വീണ്ടും പറയുന്നു ഞാനൊരു രാഷ്ട്രീയക്കാരനല്ല. പക്ഷേ കോൺഗ്രസിനൊപ്പം നിൽക്കാനുള്ള ചങ്കൂറ്റം എനിക്കുണ്ട്.

ഐശ്വര്യ കേരള യാത്രയിലേക്ക് വരുന്നതിന് മുൻപായി അദ്ദേഹം രമേശ് ചെന്നിത്തലുമായി ആശയവിനിമയം നടത്തുകയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.ഞാനുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജർ രവി സംസാരിച്ചിട്ടുണ്ട്. ഐശ്വര്യകേരള യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ  യാത്രയുടെ ഭാ​ഗമാകും എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത് - രാവിലെ മാധ്യമങ്ങളെ കണ്ട ചെന്നിത്തല പറഞ്ഞു. നേരത്തെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന മേജർ രവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളേയും നടപടികളേയും പലപ്പോഴും പ്രശംസിച്ചും ന്യായീകരിച്ചും രം​ഗത്തു വന്നിരുന്നു. 

എന്നാൽ കേരളത്തിലെ ബിജെപി നേതൃത്വത്തോടുള്ള തൻ്റെ അതൃപ്തി കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാവർക്കമുള്ളതെന്നും അദ്ദേഹം അടുത്ത് കാലത്ത് തുറന്നടിച്ചിരുന്നു. 
 

click me!