തോന്നും പടി സർക്കാർ വാഹനങ്ങൾ പലരും ഉപയോഗിക്കുന്നുവെന്ന വാർത്തകൾക്കിടെ മുഖ്യമന്ത്രിയുടെ ഒഎസ്‍ഡി തന്നെ ഇത് പാലിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു വിവരാവകാശ നിയമ പ്രകാരം കിട്ടിയ ലോഗ് ബുക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി സർക്കാർ വാഹനം ദുരുപയോഗം ചെയ്തത് വാഹനത്തിൻ്റെ ലോഗ്ബുക്ക് ചട്ടങ്ങൾ കാറ്റിൽ പറത്തിയാണെന്ന് വ്യക്തമായി. അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലാത്തതാണ് വാഹനത്തിന്റെ ലോഗ്ബുക്ക്. ദിവസവും വാഹനം എടുക്കുന്ന സമയവും ക്ലോസ് ചെയ്യുന്ന സമയവും ലോഗ്ബുക്കിൽ ഇല്ല. ഓരോ ദിവസവും ഒരേ ഉദ്യോഗസ്ഥൻ്റെതായി വ്യത്യസ്ത തരം ഒപ്പുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർ മോഹൻ നടത്തിയ യാത്രകളുടെ കിലോമീറ്റർ തിരിച്ച് ട്രിപ്പ് വിശദാംശം രേഖപ്പെടുത്തിയിട്ടില്ല. ഇവയെല്ലാം സർക്കാർ മാർഗനിർദ്ദേശങ്ങളുടെ ലംഘനവുമുണ്ടായി.
വാഹനം എടുക്കുന്ന സമയം, ക്ലോസ് ചെയ്യുന്ന സമയം, വാഹനം ഓടിയത് എന്തൊക്കെ ആവശ്യങ്ങൾക്ക് ഇതാണ് ഏതൊരു ഉദ്യോഗസ്ഥനും അനുവദിക്കുന്ന വാഹനങ്ങളിൽ രേഖപ്പെടുത്തേണ്ട അടിസ്ഥാന കാര്യങ്ങൾ. തോന്നും പടി സർക്കാർ വാഹനങ്ങൾ പലരും ഉപയോഗിക്കുന്നുവെന്ന വാർത്തകൾക്കിടെ മുഖ്യമന്ത്രിയുടെ ഒഎസ്‍ഡി തന്നെ ഇത് പാലിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു വിവരാവകാശ നിയമ പ്രകാരം കിട്ടിയ ലോഗ് ബുക്ക്.
കെഎൽ 01 ബിഎഫ് 4444 ഇന്നോവ വാഹനം ദിവസവും എപ്പോൾ എടുത്തു, എപ്പോൾ ക്ലോസ് ചെയ്തു എന്ന് ഈ ലോഗ്ബുക്ക് പരിശോധിച്ചാൽ പലയിടത്തും കാണാൻ കഴിയില്ല.ഗാരെജ് ടു വട്ടിയൂർക്കാവ്,ടു സെക്രട്ടറിയേറ്റ്.ലോക്കൽ ട്രിപ്സ് ബാക്ക് ഫ്രം വട്ടിയൂർക്കാവ് സെക്രട്ടറിയേറ്റ് ടു ഗാരേജ് ഇതാണ് ഭൂരിഭാഗം കോളങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാരണം രേഖപ്പെടുത്തി നാൽപതും, എൻപതും,തൊണ്ണൂറും ,നൂറും കിലോമീറ്റർ വാഹനം ഓടിയിട്ടുണ്ട്. വ്യക്തത വരുത്താത്ത ലോക്കൽ ട്രിപ്പുകളിൽ ഒന്ന് അധ്യാപികയായ ഭാര്യക്ക് കൊളേജിൽ പോയി വരാനാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ മറനീങ്ങിയിരുന്നു.
വൈകിട്ട് കൊളേജിൽ നിന്നും വട്ടിയൂർക്കാവ് നെട്ടയത്തെ വീട്ടിൽ ഡ്രൈവർ ഡോ.പൂർണിമ മോഹനെ ഇറക്കിയ ശേഷം ആർ.മോഹനെ പിക്ക് ചെയ്യാൻ സെക്രട്ടറിയേറ്റിൽ എത്തുകയാണ് പതിവ്. ചട്ടപ്രകാരം ഓരോ യാത്രയും കിലോമീറ്റർ തിരിച്ച് രേഖപ്പെടുത്തണം. ദിവസവും വാഹനത്തിന്‍റെ ഉപയോഗം ബോധ്യപ്പെട്ട് ഒപ്പിടേണ്ട വാഹനത്തിന്‍റെ കസ്റ്റോഡിയനായ ഉദ്യോഗസ്ഥൻ മൂന്ന് ദിവസം കൂടുമ്പോഴേ ഒപ്പിടാറുള്ളു.അതും ഓരോ ദിവസം ഓരോ തരം ഒപ്പുകൾ.
ആരാണ് ഈ ഒപ്പുകൾ ഇടുന്നതെന്ന് വാഹനം അനുവദിച്ച വിനോദ സഞ്ചാര വകുപ്പ് കണ്ടെത്തട്ടെ. വാഹന ദുരുപയോഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത വന്ന പിന്നാലെയാണ് ഒരു ആറ്റിങ്ങൽ യാത്രക്ക് സ്വകാര്യ ഉപയോഗം എന്ന് രേഖപ്പെടുത്തി ഉദ്യോഗസ്ഥൻ 2400 രൂപ അടച്ചത്. സെപ്റ്റംബർ 16ന് മുമ്പും നിരവധി തവണ ആറ്റിങ്ങൽ പോയി എന്ന് ലോഗ്ബുക്കിൽ വ്യക്തമാണ് .ഇത് സ്വകാര്യമാണോ ഔദ്യോഗികമാണോ എന്നുതിൽ പക്ഷെ വ്യക്തതയില്ല. മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ ഔദ്യോഗിക വാഹനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ലോഗ്ബുക്ക് നിരുത്തരവാദമായി കൈകാര്യം ചെയ്തത് ചർച്ചയായിരുന്നു.