ചേലക്കരയിൽ ഭൂരിപക്ഷം 18,000 കടക്കുമെന്ന് എൽഡിഎഫ്, 3000ലേറെ വോട്ടിന്‍റെ ജയം പ്രതീക്ഷിച്ച് യുഡിഎഫ്

By Web Team  |  First Published Nov 14, 2024, 1:37 PM IST

ഒൻപത് പഞ്ചായത്തുകളിലും ലീഡ് നേടി 18,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ രമ്യ ഹരിദാസ് വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു.


തൃശൂർ: കണക്ക് കൂട്ടലുകൾക്ക് ഒടുവിലും ചേലക്കരയിൽ ജയം അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും. 18,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. 3000ലേറെ വോട്ടിന്‍റെ ജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

കോട്ട കാക്കാനും കീഴടക്കാനും നടന്ന ചേലക്കര പോരിൽ ജനം കാത്ത് വെച്ചതറിയാനുള്ള കാത്തിരിപ്പാണ് ഇനി. അതിന് മുമ്പേയുള്ള മുന്നണികളുടെ അവകാശവാദങ്ങൾക്ക് ഒട്ടും കുറവില്ല. ഒൻപത് പഞ്ചായത്തുകളിലും ലീഡ് നേടി 18,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റി അവകാശപ്പെടുന്നത്. യു ആർ പ്രദീപിന് വ്യക്തിപരമായി വൻ തോതിൽ വോട്ടുകൾ സമാഹരിക്കാനായി, ലോക്സഭയ്ക്ക് സമാനമായ ഇടത് വിരുദ്ധ തരംഗമില്ല, ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫ് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ല, ബിജെപിയിലേക്ക് ഇടതു വോട്ടുകൾ കാര്യമായി ചോർന്നതായി കാണുന്നില്ല എന്നെല്ലാമാണ് ഇടതിന്‍റെ വിലയിരുത്തൽ.

Latest Videos

വരവൂരിലും വള്ളത്തോൾ നഗറിലും ഒഴികെ ലീഡ്, രാധാകൃഷ്ണന് ലഭിച്ചിരുന്ന മുസ്ലിം യുഡിഎഫ് അനുകൂല വോട്ടുകൾ തിരിച്ചെത്തി, ഇടതിന്റെ പട്ടികജാതി വോട്ടുകൾ ബിജെപിക്ക് പോയി, എല്ലാത്തിനും ഉപരിയായി ശക്തമായ ഭരണവിരുദ്ധ വികാരം- ഇതെല്ലാമാണ് യുഡിഎഫ് വിലയിരുത്തൽ. 

40,000 വോട്ടുകൾ നേടുമെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ 30,000 കടക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും ഒരു പോലെ പറയുന്നു. ഡിഎംകെ സ്വതന്ത്രൻ എൻ കെ സുധീർ 3,000 വോട്ടിൽ ഒതുങ്ങുമെന്നും അവർ കരുതുന്നു. അതേസമയം ചേലക്കരയിലെ തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ അടുത്ത ദിവസങ്ങളിൽ പാലക്കാട്ടെ പ്രചാരണത്തിൽ സജീവമാകാനാണ് മൂന്നു സ്ഥാനാർത്ഥികളുടെയും തീരുമാനം.

പ്രിയങ്ക പറന്നിറങ്ങിയപ്പോൾ ആവേശം; പക്ഷേ പോളിം​ഗ് കുറഞ്ഞു, പാളിയത് എവിടെയെന്ന് പരിശോധിക്കാൻ എഐസിസി

click me!