ദുരനുഭവം നേരിട്ടവര്‍ നല്‍കിയ രഹസ്യമൊഴി പരിഗണിച്ച് സര്‍ക്കാരിന് കേസെടുക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാരതിന് തയ്യാറാകാത്തതില്‍ ശക്തമായ ഇടപെടലുണ്ട്- ശുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയതില്‍ സിനിമേഖലയില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂവര്‍ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ദൂരൂഹമായ ഈ നടപടിക്ക് പിന്നില്‍ കുറ്റാരോപിതരായ ഉന്നതരെ സംരക്ഷിക്കാനുള്ള വ്യഗ്രത പ്രകടമാണ്. സര്‍ക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയ ഭാഗം ഉടനെ പുറത്തുവിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സംവിധായകനും അഭിനേതാക്കളും ആയ ചിലര്‍ പിണറായി സര്‍ക്കാരിന്റെ ഭാഗമാണ്. അവര്‍ മന്ത്രിയും എംഎല്‍എയും അക്കാദമിയുടെ ചെയര്‍മാനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സംവിധാനത്തിന്റെ പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറംലോകം കാണാന്‍ പോലും നാലരക്കൊല്ലം വൈകിയതും വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഖണ്ഡികള്‍ക്ക് പുറമെ ചിലത് കൂടി സര്‍ക്കാര്‍ സ്വമേധയാ വെട്ടിമാറ്റിയതും. പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ഗുരുതരമായ ആരോപണം സര്‍ക്കാര്‍ അടിയന്തരമായി അന്വേഷിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
റിപ്പോർട്ടിലും അതിനുശേഷമുള്ള ചില തുറന്നു പറച്ചിലുകളിലും പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ ക്രിമിനല്‍ സ്വഭാവമുള്ളവയാണ്. ലൈംഗികാതിക്രമവും ചൂഷണവും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ദുരനുഭവം നേരിട്ടവര്‍ നല്‍കിയ രഹസ്യമൊഴി പരിഗണിച്ച് സര്‍ക്കാരിന് കേസെടുക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാരതിന് തയ്യാറാകാത്തതില്‍ ശക്തമായ ഇടപെടലുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലഭിച്ച മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പരാതിക്കാരന് വേണ്ടി കാത്തുനില്‍ക്കില്ല. ഇത്രയും നാള്‍ നിയമനടപടി സ്വീകരിക്കാതെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് തന്നെ ഗുരുതരമായ കൃത്യവിലോപമാണെന്നും സുധാകരന്‍ പറഞ്ഞു.
സിനിമാ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് കോണ്‍ക്ലേവ് എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പരിഹാസ്യമാണ്. കുറ്റാരോപിതരെ സംരക്ഷിക്കുന്നതിനായി ജനത്തിന്റെ കണ്ണില്‍പൊടിയിടുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയെടുക്കാതെ വേട്ടക്കാരനൊപ്പം ഇരകളെ ഇരുത്തി ഒത്തുതീര്‍പ്പ് ഫോര്‍മുല കണ്ടെത്തുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭാഗികമായിട്ടാണെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സിനിമാ മേഖലയിലെ പലരും തങ്ങള്‍ നേരിട്ട ദുരനുഭവം പരസ്യമായി പങ്കുവെയ്ക്കാന്‍ തയ്യാറായി. അവര്‍ കാട്ടിയ തന്‍റേടം സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് ഇല്ലാത്തത് നാണക്കേടാണെന്നും അവരുടെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Read More : രഞ്ജിത്തിനെതിരെ നടി; 'പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ മോശമായി പെരുമാറി, ശരീരത്ത് തൊട്ടു'