കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമിയുടെ തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിന്; സിബിഐക്ക് കൈമാറിയില്ല

By Web TeamFirst Published Sep 7, 2024, 9:56 AM IST
Highlights

മാമി തിരോധാനക്കേസ് സിബിഐക്ക് കൈമാറണമെന്ന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നല്‍കിയിരുന്നു

തിരുവനന്തപുരം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐക്ക് കൈമാറാതെ സംസ്ഥാന സർക്കാർ. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. സിബിഐക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പൊലീസ് സംഘവും ശുപാർശ ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് ഡിജിപി കൈക്കൊണ്ട നിലപാട്.

കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മാമിയുടെ കുടുംബം പ്രതികരിച്ചു. കേരളാ പോലീസിൽ ഇപ്പോഴും വിശ്വാസമുണ്ട്. ക്രൈം ബ്രാഞ്ച് ഒരു സ്വതന്ത്ര ഏജൻസിയാണ്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ  ഇടപെടലിലാണ് അവിശ്വാസം ഉണ്ടായിരുന്നത്. നേരത്തെയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാരിൽ ധാരണയായിരുന്നതാണ്. എന്നാൽ അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറങ്ങും മുമ്പ് തിടുക്കത്തിൽ എഡിജിപി പ്രത്യേക അന്വേഷണത്തെ നിയോഗിക്കുകയായിരുന്നു. ഇതിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം നീതിയുക്തമല്ലെങ്കിൽ സിബിഐ അന്വേഷണത്തിന് സമ്മർദ്ദം ചെലത്തുമെന്നും കുടുംബം വ്യക്തമാക്കി.

Latest Videos

മാമി തിരോധാനക്കേസ് സിബിഐക്ക് കൈമാറണമെന്ന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നല്‍കിയിരുന്നു. കേസ് അട്ടിമറിച്ചെന്നും തുടക്കം മുതല്‍ പൊലീസ് അലംഭാവം കാട്ടിയെന്നും കുടുംബം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. തിരോധാനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ബന്ധപ്പെടുത്തിയുള്ള ഗുരുതര ആരോപണം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. കേസ് സിബിഐക്ക് കൈമാറാമെന്ന റിപ്പോര്‍ട്ട് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഡിജിപിക്ക് നൽകിയതെന്നാണ് മലപ്പുറം എസ്‌പി ശശിധരന്‍ പ്രതികരിച്ചത്. 

കോഴിക്കോട് വലിയ വലിയ വസ്തു ഇടപാടുകള്‍ നടത്തിയിരുന്ന ആളാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ. 2023 ആഗസ്റ്റ് 21 നാണ് ഇദ്ദേഹത്തെ കാണാതായത്. കേരളത്തിനകത്തും പുറത്തുമുള്ള  ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചിച്ചത്. ഇത് കാര്യക്ഷമമല്ലെന്ന ആക്ഷേപം കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എ‍ഡി‍ജിപി എംആര്‍ അജിത്കുമാര്‍ കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!