സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സൂചന; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

By Web TeamFirst Published Feb 23, 2024, 6:12 AM IST
Highlights

കൊയിലാണ്ടി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി പി വി സത്യനാഥനാണ് ക്ഷേത്രോത്സവത്തിനിടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിഷാഷ് പിടിയിലായി.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൊയിലാണ്ടി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി പി വി സത്യനാഥനാണ് ക്ഷേത്രോത്സവത്തിനിടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിഷാഷ് പിടിയിലായി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ.സത്യന്‍റെ ഡ്രൈവറായിരുന്നു. ഇയാൾക്ക് സത്യനാഥനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. 

Latest Videos

കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. പാർട്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മോഹനൻ പറഞ്ഞു. എന്നാല്‍, കൊലപാതകത്തിന് കാരണം വ്യക്തി വിരോധം എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സത്യനാഥന്‍റെ മൃതദേഹം വിട്ടുനല്‍കും.

click me!