മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് വന്നിരുന്നു, നിലവിളി കേട്ട് ഓടിവന്നപ്പോഴേക്കും കാര്‍ പോയെന്ന് അയല്‍വാസി

By Web TeamFirst Published Nov 28, 2023, 8:36 AM IST
Highlights

100 മീറ്റര്‍ അകലെ നിന്ന് കുട്ടിയുടെ നിലവിളി കേട്ടാണ് ഓടിച്ചെന്നതെന്ന് അയല്‍വാസി

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന. രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നുവെന്ന് അയല്‍വാസി സുനിത പറഞ്ഞു. അത്ര കാര്യമാക്കിയില്ല. അയല്‍വീടുകളിലെ ആരുടെയെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന് കരുതിയെന്നും അയല്‍വാസി പറഞ്ഞു.

ഇന്നലെ വൈകുന്നേരം 4.15നാണ് സംഭവം നടക്കുന്നത്. 100 മീറ്റര്‍ അകലെ നിന്ന് കുട്ടിയുടെ നിലവിളി കേട്ടാണ് ഓടിച്ചെന്നത്. ആണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പറഞ്ഞത് അനിയത്തിയെ കൊണ്ടുപോയെന്നാണ്. വെള്ളക്കാറിലാണ് കൊണ്ടുപോയതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ഡ്രസ് കീറിയിട്ടുണ്ടായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ അമ്മൂമ്മ ഓടിവന്നു. എന്നും കളിച്ചു ചിരിച്ച് കുട്ടികള്‍ ഈ വഴിയാണ് പോകാറുള്ളതെന്നും അയല്‍വാസി പറഞ്ഞു.

Latest Videos

ഒരു കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും അതത്ര കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഒരു കാര്‍ വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടു പേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാതിരുന്നതെന്ന് അമ്മൂമ്മ പറ‌ഞ്ഞു. 

കുട്ടി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. അത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും സൈബര്‍ പരിശോധനകള്‍ക്കുമെല്ലാമായി വിവിധ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.  അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. എത്രയും വേഗം കുട്ടിയെ കണ്ടുപിടിക്കാനാണ് ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറിന്‍റെ നമ്പര്‍ വ്യാജമാണെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. 

കുട്ടി എവിടെയാണെന്ന് സ്‌ഥിരീകരിക്കാനായിട്ടില്ല, പല ടീമുകളായി അന്വേഷണം ഊര്‍ജ്ജിതം: ഐജി സ്പര്‍ജന്‍ കുമാര്‍

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 15 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് സഹോദരനൊപ്പം  ട്യൂഷന് പോകും വഴി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് വന്ന ഫോൺ കോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം. പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തി. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാളെ കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തുകയാണ്.

 

click me!