'സ്ത്രീധനമെന്ന മാരണമാണ് ആ കുടുംബത്തില്‍ വലിയ ആഘാതം വിതച്ചത്'; ഷഹനയുടെ വീട് സന്ദര്‍ശിച്ച് കെകെ ശൈലജ

By Web TeamFirst Published Dec 9, 2023, 3:07 PM IST
Highlights

ഷഹനയുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരികയും കടുത്ത ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്നും കെകെ ശെെലജ.

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഡോക്ടര്‍ ഷഹനയുടെ വീട് സന്ദര്‍ശിച്ച് കെകെ ശൈലജ. കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ഷഹനയെന്നും ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിച്ചില്ലെന്നും ശൈലജ പറഞ്ഞു. ഷഹനയുടെ പിതാവ് നേരത്തെ മരിച്ചു പോയിരുന്നുവെങ്കിലും മൂന്ന് മക്കള്‍ക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഷഹനയുടെ ഉമ്മയ്ക്ക് സാധിച്ചു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം തല്ലിക്കെടുത്തിക്കൊണ്ടാണ് സ്ത്രീധനമെന്ന മാരണം ആ കുടുംബത്തില്‍ വലിയ ആഘാതം വിതച്ചതെന്ന് ശൈലജ പറഞ്ഞു.

'വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ ഇപ്പോഴും സ്ത്രീധനം പോലൊരു വിപത്ത് നിലനില്‍ക്കുന്നുവെന്നത് സമൂഹമാകെ ചിന്തിക്കേണ്ട വിഷയമാണ്. മനുഷ്യരുടെ മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ശൈലജ പറഞ്ഞു. 

Latest Videos

കെകെ ശൈലജയുടെ കുറിപ്പ്: ''ഡോ. ഷഹനയുടെ വീട് സന്ദര്‍ശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ഷഹന. ഇടത്തരം കുടുംബത്തില്‍ നിന്ന് മക്കളെ പഠിപ്പിച്ച് ജീവിത സുരക്ഷിതത്വത്തിലേക്കെത്തിക്കാന്‍ ഷഹനയുടെ ഉമ്മ നടത്തിയ പരിശ്രമം ത്യാഗപൂര്‍ണമായിരുന്നു. ഷഹനയുടെ അച്ഛന്‍ നേരത്തെ മരിച്ചു പോയിരുന്നുവെങ്കിലും മൂന്ന് മക്കള്‍ക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഷഹനയുടെ ഉമ്മയ്ക്ക് സാധിച്ചു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം തല്ലിക്കെടുത്തിക്കൊണ്ടാണ് സ്ത്രീധനമെന്ന മാരണം ആ കുടുംബത്തില്‍ വലിയ ആഘാതം വിതച്ചത്. ''

''ഡോ. റുവൈസുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയപ്പോള്‍ വീട്ടുകാര്‍ റുവൈസിന്റെ കുടുംബവുമായി ഈ കല്യാണം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പണത്തോട് അത്യാര്‍ത്തിയായിരുന്നുവെന്നാണ് ഷഹനയുടെ ഉമ്മ പറഞ്ഞത്. അവര്‍ ചോദിക്കുന്ന വലിയ സ്ത്രീധനം കൊടുക്കാന്‍ കഴിയുന്ന അവസ്ഥയല്ല ആ കുടുംബത്തിന്. വിവാഹം നടക്കില്ല എന്നറിഞ്ഞത് ഷഹനയെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്.''

''നമ്മുടേതു പോലെ വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ ഇപ്പോഴും സ്ത്രീധനം പോലൊരു വിപത്ത് നിലനില്‍ക്കുന്നുവെന്നത് സമൂഹമാകെ ചിന്തിക്കേണ്ട വിഷയമാണ്. മനുഷ്യരുടെ മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സുസ്ഥിരമായ ജോലി ലഭ്യമായിട്ട് പോലും ചെറുപ്പക്കാരുടെ മനസില്‍ പണത്തിനും ആഢംബരത്തിനുമുള്ള അത്യാര്‍ത്തി നിലനില്‍ക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് റുവൈസിന്റെ പെരുമാറ്റം. ഇതിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.''

''ഷഹനയുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരികയും കടുത്ത ശിക്ഷ ഉറപ്പുവരുത്തുകയും വേണം. അതോടൊപ്പം ഇത്തരം വഞ്ചനകള്‍ തിരിച്ചറിയാനും സമചിത്തതയോടെയും ധീരതയോടെയും അതിനെ പ്രതിരോധിച്ച് നില്‍ക്കാനും ജീവിതത്തിലുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കരുത്തോടെ നിര്‍വ്വഹിക്കാനും കഴിയുന്ന രീതിയില്‍ പുതുതലമുറ കരുത്ത് നേടേണ്ടതുണ്ട്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നാം തുടര്‍ന്ന് നടത്തേണ്ടത്.''
 

മൂന്നു വര്‍ഷത്തെ പ്രണയം, മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ 
 

click me!