മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളി വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി.
തിരുവനന്തപുരം: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണവയും ആഘോഷങ്ങൾ.
മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളി വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം.
പൂത്തിരിയുടെ വർണ്ണപ്പൊലിമയും പുത്തനുടുപ്പുകളുടെ പകിട്ടും കൂടിയാണ് മലയാളിക്ക് ഓരോ വിഷുക്കാലവും. പ്രത്യാശയ്ക്കുമേൽ കരിനിഴലായി കൊവിഡിന്‍റെ രണ്ടാം തരംഗം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഇക്കുറിയും ആഘോഷങ്ങള്‍ വീടുകകളിലേക്ക് ചുരുങ്ങും. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായുളള ആഘോഷങ്ങള്‍ കുറയും. ആശങ്കകള്‍ ഒഴിഞ്ഞുളള നല്ലൊരു നാളേക്കായുളള കാത്തിരിപ്പ് കൂടിയാണ് മലയാളിക്ക് ഈ വിഷുദിനം.
undefined
ഗുരുവായൂർ ക്ഷേത്രത്തില്‍ പുലർച്ചെ 2.30 മുതൽ 4 മണി വരെയായിരുന്നു വിഷുക്കണി ദർശനം. ഓട്ടുരുളിയിൽ കണിക്കൊന്ന, പുതുപ്പണം, അരി, ചക്ക, വെള്ളരിക്ക തുടങ്ങിയവയാണ് കണി വച്ചത്. നാലംബലത്തിന് പുറത്തു നിന്നാണ് ഭക്തർക്ക് ദർശനം അനുവദിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.
ശബരിമലയിൽ വിഷുകണി ദർശനത്തിനായി നട തുറന്നു. പുലച്ചെ 5 മണിക്ക് ശ്രീകോവിലിൽ ദീപം തെളിച്ച് അയ്യപ്പനെ കണി കാണിച്ചു. 5.30 മുതൽ 7 വരെയാണ് ഭക്തർക്ക് വിഷു കണി ദർശനത്തിന് അനുമതി. തന്ത്രി കണ്ഠരര് രാജീവരരും, മേൽശാന്തി വികെ ജയരാജ് പോറ്റിയും ഭക്തർക്ക് വിഷുകൈനീട്ടം നൽകി.