എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മെയ് അവസാന വാരം കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് നടത്താന്‍ ഇവിടെ കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി പരീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത് കേരളത്തിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പരീക്ഷ പൂര്‍ത്തിയാക്കിയത് കേരളത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയത്.
10, 12 ക്ലാസുകളിലെ സിബിഎസ്ഇ, ഐസിഎസ് സി പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ഇതില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മെയ് അവസാന വാരം കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് നടത്താന്‍ ഇവിടെ കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി പരീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ജൂണ്‍ 30ന് എസ്എസ്എല്‍സി റിസല്‍ട്ടും ജൂലായ് 10ന് മുമ്പ് പ്ലസ് ടു ഫലും പ്രഖ്യാപിക്കും. ഇതോടൊപ്പം ജൂണ്‍ ഒന്നിന് തന്നെ ഇന്ത്യയിലാദ്യമായി ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനും നമുക്ക് കഴിഞ്ഞു. ഇത് സംസ്ഥാനത്തിന്റെ നേട്ടമാണ്. അതീവ ജാഗ്രതയോടെ നാം നടത്തിയ പരീക്ഷ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ പരിഹാസവും എതിര്‍പ്പും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാകും. എന്ത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുക എന്ന മാനസികാവസ്ഥ ചിലരില്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.