രാജ്യ തലസ്ഥാനത്ത് സമരജ്വാല! കേരളത്തിനുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപനം, സമരം വൻ വിജയമെന്ന് നേതാക്കള്‍

By Web TeamFirst Published Feb 8, 2024, 2:57 PM IST
Highlights

സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്കും സുപ്രീം കോടതിയിൽ പോകേണ്ട ഗതികേടാണുള്ളതെന്നും ജന്തർ മന്തറില്‍ വന്ന് സമരം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലി: കേന്ദ്രസർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ ധര്‍ണയില്‍ കേരളത്തിനുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കള്‍. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മാൻ, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജനും സമരത്തില്‍ പങ്കെടുത്തു. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സമരം വൻ വിജയമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. തുടര്‍ന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരേണ്ടതുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും സമരത്തില്‍ പങ്കെടുത്തു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തില്‍ പങ്കെടുത്ത് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.  

സമരം വൻ വിജയമെന്ന് മന്ത്രി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോദി സർക്കാരിനെതിരെ  അടുത്തകാലത്ത് നടന്നതിൽ ഏറ്റവും അത്യുജ്ജ്വലമയ സമരമൊണിതെന്നും ശിവൻ കുട്ടി പറഞ്ഞു.സംസ്ഥാനങ്ങൾ ശക്തമായി നിന്നില്ലെങ്കിൽ ഇന്ത്യ ശക്തമാകില്ലെന്നും സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നുമാണ് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയത്.കേന്ദ്രം രാജ്യത്തിന്‍റെ സ്വഭാവം മാറ്റാൻ ശ്രമിക്കുകയാണെന്നും ഹിന്ദുത്വ രജ്യമക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് എതിരെ പോരാടണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിനിധീകരിക്കുന്നതെന്നും കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇവരെ ഭാരതത്തിലെ ജനങ്ങൾ ആയാണോ കേന്ദ്രം കാണുന്നത്. സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്കും സുപ്രീം കോടതിയിൽ പോകേണ്ട ഗതികേടാണുള്ളത്. ജന്തർ മന്തറില് വന്നിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും കെജ്രിവാള്‍ പറഞ്ഞു.

Latest Videos

എല്ലാ സംസ്ഥാനങ്ങളെയും വേർതിരിവ് ഇല്ലാതെ പരിഗണിക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇന്ത്യയെ 10 വർഷത്തിനുള്ളിൽ മാറ്റിമറിക്കാം എന്ന് അവകാശവാദം ഉന്നയിച്ചാണ് മോദി അധികാരത്തിലേറിയത്. പ്രതിപക്ഷം ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ വേർതിരിവ് സൃഷ്ടിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരളത്തിനുള്ള പിന്തുണ തുടരുമെന്നും കപിൽ സിബൽ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പുറമെ എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം.  കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തില്ല. 

ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം, ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ സമരം

വിജയൻസാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല വന്നിരിക്കുന്നത്,കേരളത്തിന്‍റെ അവകാശമാണ് ചോദിക്കുന്നത്

 

click me!