കിറ്റുകൾക്ക് ക്ഷമതയില്ലെന്ന് കണ്ടെത്തി; സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുതപരിശോധന നിര്‍ത്തുന്നു

By Web Team  |  First Published Jun 25, 2020, 6:03 AM IST

സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് ആന്‍റി ബോഡി ദ്രുതപരിശോധന തുടങ്ങിയത്. 


തിരുവനന്തപുരം: സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുത പരിശോധന താല്‍കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ പക്കലുളള കിറ്റുകള്‍ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി എച്ച് എല്‍ എല്ലിന് നിര്‍ദേശം നല്‍കി. 

സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് ആന്‍റി ബോഡി ദ്രുതപരിശോധന തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പതിനായിരം പേരെ പരിശോധിച്ചു. ആശുപത്രി ജീവനക്കാര്‍ പൊലീസുകാര്‍ എന്നിവരടക്കം ഹൈറിസ്ക് വിഭാഗത്തില്‍ പെട്ടവര്‍ക്കൊപ്പം അല്ലാത്തവരേയും പരിശോധിച്ചു. 

Latest Videos

undefined

പരിശോധിച്ച പലര്‍ക്കും ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചികില്‍സകളൊന്നും തേടാതെ തന്നെ രോഗം വന്ന് ഭേദമായി എന്ന് ചുരുക്കം. തുടര്‍ന്ന് രണ്ടാം ഘട്ടത്തിൽ എച്ച് എല്‍ എല്ലില്‍ നിന്ന് 15000 കിറ്റുകള്‍ കൂടി വാങ്ങി , ഈ കിറ്റുകള്‍ പബ്ലിക് ഹെല്‍ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് കിട്ടുന്ന ഫലങ്ങള്‍ കൂടുതലും ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 

സെന്‍സിറ്റിവിറ്റി കുറഞ്ഞതാകാം ഇതിന് കാരണമെന്ന് വിലയിരുത്തിയാണ് ലാബിൽ നിന്ന് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ തിരിച്ചെടുക്കാൻ നിര്‍ദേശം നല്‍കിയത്

അതേസമയം ആദ്യ ഘട്ട ആന്‍റിബോഡി പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയവരുടെ എണ്ണം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആന്‍റിബോഡി പരിശോധന എച്ച് എല്‍ എല്ലുമായി സഹകരിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

click me!