കൊവിഡ് പൊസറ്റീവായ ആളുടെ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനകാര്യമാണ്. കൊവിഡ് ബാധിതനായ വ്യക്തിയുടെ പ്രഥമിക, ദ്വിതിയ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള പൂര്‍ണ്ണചുമതല പൊലീസിനാകും.
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊലീസിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം അറിയിച്ചത്.
കൊവിഡ് പൊസറ്റീവായ ആളുടെ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനകാര്യമാണ്. കൊവിഡ് ബാധിതനായ വ്യക്തിയുടെ പ്രഥമിക, ദ്വിതിയ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള പൂര്‍ണ്ണചുമതല പൊലീസിനാകും. പ്രത്യേക പരിശീലനത്തിലൂടെ അതിനുള്ള മികവ് പൊലീസിനുണ്ട്. ഇത് ഉപയോഗപ്പെടുത്തും. സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തിക്കും. സമ്പര്‍ക്ക പട്ടിക തയ്യാറാക്കലാണ് ഈ ടീമിന്‍റെ ദൌത്യം.
undefined
നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. ഇപ്പോഴത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഇത് പൂര്‍ണ്ണമായും പൊലീസിനെ ഏല്‍പ്പിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ ഈ ടീം സമ്പര്‍ക്ക പട്ടിക തയ്യാറാക്കണം.
തീവ്ര നിയന്ത്രിത മേഖലകള്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാനുള്ള ഉത്തരവാദിത്വം പൊലീസിനായിരിക്കും. ജില്ല പൊലീസ് മേധാവിമാര്‍ ഇതിനാവശ്യമായ നടപടികള്‍ എടുക്കണം. തീവ്ര നിയന്ത്രിത മേഖലകള്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാന്‍ പൊലീസ് കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്വറന്‍റെന്‍ ലംഘനം, സമ്പര്‍ക്ക വിലക്ക് ലംഘനം, ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ ചട്ട ലംഘനങ്ങള്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണാധികാരം പൊലീസിനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊലീസിന്‍റെ പുതിയ ഉത്തരവാദിത്വങ്ങള്‍ സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറായി എറണാകുളം ജില്ല പൊലീസ് മേധാവി വിജയ് സാക്കറയെ നിയമിച്ചു.