മോട്ടോർ വാഹന വകുപ്പും മന്ത്രിയും അയഞ്ഞു, പരിഷ്കരണത്തിൽ വിട്ടുവീഴ്ച; ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു

By Web TeamFirst Published May 15, 2024, 5:13 PM IST
Highlights

ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരണ സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്.  ടെസ്റ്റ് നടത്താനുള്ള വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തിൽ നിന്ന് 18 വര്‍ഷം ആക്കുന്നത് അടക്കമുള്ള വിട്ടുവീഴ്ചക്കാണ് മന്ത്രി സന്നദ്ധനായത്.

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെബി ഗണേഷ് കുമാര്‍ വിശദീകരിച്ചു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

Latest Videos

ചര്‍ച്ച പോസിറ്റീവായിരുന്നു. ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും.

ഡ്രൈവിംഗ് സ്കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും.  കെഎസ്ആര്‍ടിസി പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം രണ്ട് ഇന്‍സ്പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്തും. ഒരു എംവിഐയുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും നടത്തും. ഇത് പര്യാപ്തമല്ലെന്നായിരുന്നു പരാതി.

ഏതാണ്ട് പത്ത് ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ 2.5 ലക്ഷം അപേക്ഷകളാണുള്ളതെന്നാണ് മനസിലായത്. ഈ ബാക്ക് ലോഗ് പരിഹരിക്കും. ഓരോ ആര്‍ടി ഓഫീസിലും സബ് ആര്‍ടി ഓഫിസിലും എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ പരിശോധിക്കും. കൂടുതല്‍ അപേക്ഷയുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ബാക്ക് ലോഗ് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

എച്ച് ടെസ്റ്റിന് പകരമുള്ള മാതൃകകള്‍ പരിശോധിക്കും. പുതിയ മാതൃക കണ്ടെത്തും. ലൈസന്‍സ് അപേക്ഷ കെട്ടികിടക്കുന്ന ആര്‍ടിഒകള്‍ പരിശോധിച്ച് വേണ്ട നടപടിയുണ്ടാകും. ഈ സ്ഥലങ്ങളില്‍ വേഗം ടെസ്റ്റുകള്‍ നടത്താൻ ക്രമീകരണം നടത്തും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം കൊടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍; 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി


 

click me!