പത്താം ക്ലാസ് പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published Jul 4, 2024, 9:41 AM IST
Highlights

വീടിനടുത്തുള്ള കുട്ടി തന്ന അപേക്ഷയിൽ നിരവധി അക്ഷരത്തെറ്റ് കണ്ട വിഷമം ഒരു പ്രസംഗത്തിലൂടെ പറഞ്ഞതാണെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികൾ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയത്. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നാണ് താൻ പറഞ്ഞതെന്നും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ തന്നെ നിലപാട് അറിയിച്ചു. വീടിനടുത്തുള്ള ഒരു കുട്ടി വീട്ടിൽ വന്ന് തനിക്കൊരു അപേക്ഷ തന്നു. അതിൽ നിരവധി അക്ഷരത്തെറ്റ് കണ്ടു. അത് കണ്ടപ്പോൾ വിഷമം തോന്നി. അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പ്രസംഗത്തിൽ പറയാൻ കാരണം. അത് മൊത്തത്തിൽ കേരളത്തിൽ പ്രശ്നമാക്കേണ്ടതില്ല. ഓൾ പാസ് യുഡിഎഫ് കാലത്തും ഇപ്പോഴും ഉണ്ട്. അതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല. താനൊരു വിഷയം പറഞ്ഞു, ജനാധിപത്യ രാജ്യമല്ലേ ചർച്ച നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!