ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കൊച്ചി : തിരുവനനന്തപുരം വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തില്‍ പൊലീസിനെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി. സ്റ്റേഷന്‍റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചു. സംസ്ഥാന പൊലീസ് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സിപിഐ സമരത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ആലോചിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രഥമദൃഷ്ട്യാ നിയമലംഘനം കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് അനങ്ങിയില്ലെന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ വഞ്ചിയൂര്‍ എസ് എച്ച് ഒ യോട് കോടതി ചോദിച്ചു. സ്റ്റേജ് അഴിച്ചു മാറ്റാന്‍ സിപിഎം ഏര്യാ സമ്മേളനത്തിന്‍റെ കണ്‍വീനറോട് പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്ന് എസ് എച്ച് ഒ മറുപടി നല്‍കി. അത് കേട്ട് കയ്യും കെട്ടി നോക്കിനിന്നോ എന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.
സ്റ്റേജിലിരുന്ന നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസില്ല?
undefined
'തിരുവനന്തപുരം കോര്‍പറേഷന് ഒരു നോട്ടീസ് പോലും നല്‍കാതെ സ്റ്റേജ് പൊളിച്ചുമാറ്റമായിരുന്നു. അനാസ്ഥ കണ്ടില്ലെന്ന് നടിച്ച കോര്‍പറേഷന്‍ സെക്രട്ടറിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്'. സംഭവത്തില്‍ മൈക്ക് ഓപ്പറേറ്ററെ മാത്രം പ്രതിയാക്കാനുള്ള പൊലീസ് നീക്കം നടക്കില്ലെന്ന് കോടതി വ്യക്തമാക്കി. സ്റ്റേജിലിരുന്ന നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ജഡ്ജിമാര്‍ എടുത്ത് ചോദിച്ചു. പ്രസംഗിച്ചവരും നാടകം കളിച്ചവരുമെല്ലാം നിയമലംഘത്തിന് കൂടുനിന്നവരാണ്. അവിടെയെത്തിയ വാഹനങ്ങളുള്‍പ്പെടെ പിടിച്ചെടുക്കണം. ഇതൊന്നും ഡിജിപി കണ്ടില്ലേയെന്ന് എടുത്ത് ചോദിച്ച കോടതി, തിങ്കളാഴ്ചക്കകം സംസ്ഥാന പൊലീസ് മേധാവി സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറിയേറ്റിനുമുന്നില്‍ ഗതാഗത തടസം സൃഷ്ടിച്ച് നടത്തിയ സമരത്തെ വിമര്‍ശിച്ച കോടതി ഇതിനെതിരെ സ്വമേധയാ കേസെടുക്കണോ എന്ന് തിങ്കളാഴ്ച തീരുമാനിക്കുമെന്നും അറിയിച്ചു.