സംഘപരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു
ആലപ്പുഴ: മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം സര്‍ക്കാര്‍ കാണണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനപൂര്‍വ്വമായ കാലതാമസം വരുത്തി.
സംഘപരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു. വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവം നല്‍കുകയാണ് മുഖ്യമന്ത്രി. സമരം ഉണ്ടായപ്പോള്‍ തന്നെ പ്രശ്‌നബാധിതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കിയില്ല. സമരക്കാരുടെയും മുസ്ലീം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
undefined
അങ്ങനെയെങ്കില്‍ സമൂഹത്തെ മലീമസമാക്കുന്ന ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയ ഇടപെടലിനെ ഒഴിവാക്കാമായിരുന്നു. മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ പോസിറ്റീവായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതിന് സര്‍ക്കാര്‍ ഗുരുതരമായ കാലതാമസം വരുത്തി. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലരേറ്റെടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
മുനമ്പം വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാലതിന് മുതിരുന്നതിന് പകരം സംഘപരിവാറിന് മുതലെടുപ്പ് നടത്താന്‍ എല്ലാ അവസരവും ഇടതു സര്‍ക്കാര്‍ നല്‍കി. സിപിഎം ഇക്കാര്യത്തില്‍ ബിജെപിയുമായി ഡീലുണ്ടാക്കിയിട്ടുണ്ട്.
മുനമ്പം വിഷയത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും സഭകള്‍ക്കും എതിരെ നടന്ന സംഭവങ്ങളില്‍ പരസ്യമായ സംവാദത്തിന് തയ്യാറാണോയെന്ന് വെല്ലുവിളിക്കുന്നുയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മണിപ്പൂര്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ എത്ര അതിക്രമങ്ങളാണ് ക്രൈസ്തവ സമൂഹത്തിന് നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി മണിപ്പൂര് സംഘര്‍ഷ ഭരിതമാണ്.
പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. കുക്കി ജനവിഭാഗത്തിനെതിരെ കലാപം നടത്താന്‍ ബിജെപി മുഖ്യമന്ത്രി തന്നെ ആഹ്വാനം നടത്തിയതിന്റെ രേഖകള്‍ പുറത്തുവരുന്നു. ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടത്തിയിരുന്ന സ്റ്റാന്‍സ്വാമിയെ ഭീകരവാദിയെന്ന് വിളിച്ച് പീഢിപ്പ് കൊന്നത് ബിജെപി ഭരണകൂടമാണ്. കര്‍ണ്ണാടകയില്‍ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവന്നത് ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യം വെച്ചല്ലെ? എന്നിട്ടാണ് മുനമ്പത്ത് ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പോരാട്ടത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ തടയേണ്ട എല്‍ഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന് വളം വെച്ച് കൊടുക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.