ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി മുന്നണികൾ; ഇടത്, ബിജെപി സ്ഥാനാർത്ഥികൾ ഉടൻ, അതിവേഗം യുഡിഎഫ്

By Web TeamFirst Published Oct 16, 2024, 5:54 AM IST
Highlights

സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ എൽഡിഎഫ്, യുഡിഎഫ്, എൻ‍ഡിഎ മുന്നണികൾ പ്രചാരണത്തിലേക്ക് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം തുടങ്ങി മുന്നണികൾ. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് യുഡിഎഫ് ഒരു പടി മുന്നിലെത്തി. ഇടതുമുന്നണിയും ബിജെപിയും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചർച്ചയിലാണ്. ഇടതുമുന്നണി സ്ഥാനാർത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. തങ്ങളുടെ സ്ഥാനാർത്ഥികളും വൈകില്ലെന്നാണ് ബിജെപി നേതൃത്വവും വ്യക്തമാക്കുന്നത്.

സിപിഎം മത്സരിക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കുറിച്ച് പാർട്ടി ധാരണയായിട്ടുണ്ട്. ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചന. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്കും ഇതാണ് അഭിപ്രായം. മറ്റു പേരുകൾ പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്ത് പോയ പാലക്കാട് മണ്ഡലത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾക്കാണ് മുൻഗണന. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ ആരെ മത്സരിപ്പിക്കണമെന്ന ആലോചന സിപിഐയിൽ തകൃതിയായി നടക്കുകയാണ്. മുന്നണി സ്ഥാനാർത്ഥികളെ ഒരുമിച്ച് ഇന്നോ നാളെയോ പ്രഖ്യാപിക്കാം എന്നാണ് നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ.

Latest Videos

ഓരോ മണ്ഡലത്തിലും പരിഗണിക്കേണ്ട മൂന്ന് പേരുടെ വീതം പട്ടികയാണ് ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയത്. പാലക്കാട്ട് സി കൃഷ്ണകുമാറും, ശോഭ സുരേന്ദ്രനും ചേലക്കരയിൽ ടി എൻ സരസു, വയനാട്ടിൽ കെ സുരേന്ദ്രൻ, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകൾക്കാണ് പ്രഥമ പരിഗണന. സർപ്രൈസ് സ്ഥാനാർഥികൾ ആരെങ്കിലും വേണോ എന്ന കാര്യവും കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുക.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച യുഡിഎഫ് പ്രചാരണ തിരക്കിലേക്ക് കടന്നു. ഉമ്മൻ‌ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷം പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലേക്ക് എത്തും. പാലക്കാട്ട് രാഹുലിനായി ചുമരെഴുത്തുകൾ ഇന്നലെ തന്നെ തുടങ്ങി. ചേലക്കരയിൽ രമ്യ ഹരിദാസിനുവേണ്ടിയുള്ള പ്രചാരണ പരിപാടികൾ പലയിടത്തും തുടങ്ങി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും 'വയനാടിന്റെ പ്രിയങ്കരി' എന്ന പേരിൽ പോസ്റ്ററുകൾ യുഡിഎഫ് പ്രവർത്തകർ പതിച്ചു തുടങ്ങി.

click me!