പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി ഉത്തരവ് നൽകി
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനമെടുത്ത് സർക്കാർ. ബെവ്കോയിൽ ജോലി ചെയ്യുന്ന 1600 വനിത ജീവനക്കാർക്കും പൊലിസ് പ്രതിരോധ പരിശീലനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴിൽ സ്ഥലത്തും ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോഴും നേരിടുന്ന കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാൻ തീരുമാനിച്ചത്. ആയോധന പരിശീലനം ലഭിച്ച വനിത പൊലിസുകാരാകും എല്ലാ ജിലയിലും ഇവർക്ക് പ്രത്യേക പരിശീലനം നൽകുക. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി ഉത്തരവും നൽകിക്കഴിഞ്ഞു.
undefined
അതിനിടെ ബെവ്കോയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടെങ്കിൽ ഉടമകൾക്ക് നേരിട്ട് അറിയിക്കാം എന്നതാണ്. ഔട്‌ലെറ്റ് തുടങ്ങാൻ കെട്ടിടം വാടക്കെടുക്കുന്നതിൽ നിലവിലുള്ള നൂലാമാലകളും സാമ്പത്തിക ക്രമക്കേടുകളും ഒഴിവാക്കാനാണ് പുതിയ രീതി. വെബ്സൈറ്റിൽ കെട്ടിട ഉടമകൾക്ക് കെട്ടിടം സംബന്ധിച്ച വിവരങ്ങൾ നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷൻ വെബ് സൈറ്റിൽ ബെവ് സ്പേസ് എന്ന ലിങ്ക് വഴി കെട്ടിടം ഉടമയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പേരും വിലാസവും ഫോട്ടോയും ബന്ധപ്പെട്ട രേഖകളും എല്ലാം ഈ ലിങ്കിൽ നൽകണം. ബെവ്കോ അധികൃതര്‍ ആവശ്യം അനുസരിച്ച് കെട്ടിടം ഉടമയെ നേരിട്ട് വിളിക്കും. സ്ഥലം സന്ദര്‍ശിച്ച് വാടക തുക സംസാരിച്ച് നിശ്ചയിക്കും. ഇത് ധാരണയായാൽ കെട്ടിടത്തിൽ ബെവ്കോ ഔട്‌ലെറ്റ് തുറക്കും. സ്വകാര്യ സ്ഥലത്ത് സൗകര്യമുള്ള കെട്ടിടങ്ങൾ ബെവ്കോക്ക് സ്വന്തം വെബ്സൈറ്റിൽ കയറി തെരഞ്ഞെടുക്കാനാവുമെന്നാണ് ഇതിൽ പ്രധാന നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇടനിലക്കാരെയും വാടക കാരാറിന്‍റെ പേരിൽ നടക്കുന്ന സാമ്പത്തിക തിരിമറിയും ഒഴിവാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഔട്‌ലെറ്റുകൾ വാടകക്കെടുക്കുന്ന കാര്യത്തിൽ കേന്ദ്രീകൃത സംവിധാനവും ബെവ്കോയ്ക്ക് കിട്ടും. നല്ല കെട്ടിടങ്ങള്‍ തെരഞ്ഞെടുത്ത് വൈകാതെ നടപടികള്‍ തുടങ്ങുമെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം