ദേശീയ ബാഡ്‌മിൻഡൺ മത്സരം: കേരള താരങ്ങൾ വിമാനത്തിൽ പോകും; ടിക്കറ്റ് ഉറപ്പാക്കാൻ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി

By Web Team  |  First Published Nov 14, 2024, 7:11 PM IST

ട്രെയിൻ ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങിയ താരങ്ങൾക്ക് വിമാനമാർഗം ഭോപ്പാലിൽ പോകാൻ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് അവസരമൊരുക്കി


തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി  വി ശിവൻകുട്ടി ഇടപെട്ടാണ് ഇതിനുള്ള അവസരം ഒരുക്കിയത്. 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും വിമാന ടിക്കറ്റെടുക്കാൻ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിർദേശം നൽകി.

നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എ സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ  മുഴുവൻ ടിക്കറ്റുകളും കൺഫേമായില്ല. ഇവരിൽ രണ്ട് പേർക്ക് മാത്രമാണ് ട്രെയിൻ ടിക്കറ്റ് ലഭിച്ചത്. എന്നാൽ രക്ഷിതാക്കൾ ഈ കുട്ടികളെ ഒറ്റയ്ക്ക് ഭോപ്പാലിലേക്ക് ട്രെയിനിൽ വിടാൻ തയ്യാറായില്ല. ടിക്കറ്റ് കിട്ടാതെ 20 താരങ്ങളും ടീം ഒഫീഷ്യല്‍സും എറണാകുളം റെയില്‍വെ സ്റ്റേഷനിൽ കാത്തു നില്‍ക്കുന്നത് വാർത്തയായിരുന്നു. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. കായികതാരങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.

Latest Videos

click me!