വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂട്ടുകയാണ് ലക്ഷ്യമെന്ന് മന്ത്രി; ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും നവീകരണം വേണം

By Web Team  |  First Published May 28, 2024, 3:04 PM IST

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് പ്രവേശന പരീക്ഷകൾ എഴുതി മികച്ച റാങ്ക് നേടേണ്ടത് അനിവാര്യമായി മാറി. പ്രവേശന പരീക്ഷകൾ യാഥാർത്ഥ്യമായി കഴിഞ്ഞ സ്ഥിതിക്ക് അതിന് കുട്ടികളെ സജ്ജമാക്കേണ്ടതുണ്ടെന്നും മന്ത്രി.


തിരുവനന്തപുരം: കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്‌ക്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന  പശ്ചാത്തലത്തിൽ മൂല്യനിർണയത്തിന്റെ രീതിയും മാറ്റുകയാണ്. 2005 മുതൽ പിന്തുടർന്നു പോരുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയുടെ ശക്തിയും ദൗർബല്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ടേം പരീക്ഷകളുടെയും നിരന്തര വിലയിരുത്തലിന്റെയും  രീതിശാസ്ത്രങ്ങൾ ചർച്ചചെയ്യുകയും വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

Latest Videos

undefined

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നത്. അതിൽ മൂല്യനിർണ്ണയ പ്രക്രിയയുടെയും പരിഷ്‌കരണം ആവശ്യമാണ്. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ-അന്തർദേശീയ പഠനങ്ങളിലും സർവ്വേകളിലും എന്നും മുന്നിൽ നിന്ന സംസ്ഥാനം എന്ന നിലയിൽ കഴിഞ്ഞ വർഷം ചില പഠനങ്ങളിൽ പിന്നോക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് പ്രവേശന പരീക്ഷകൾ എഴുതി മികച്ച റാങ്ക് നേടേണ്ടത് അനിവാര്യമായി മാറി. പ്രവേശന പരീക്ഷകൾ യാഥാർത്ഥ്യമായി കഴിഞ്ഞ സ്ഥിതിക്ക് അതിന് കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്. അതിനായി പരീക്ഷാ ചോദ്യപേപ്പറുകളുടെ നിർമ്മാണത്തിലും നവീകരണം വേണം. ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷകളിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ടെന്നതും  മൂല്യനിർണ്ണയത്തിന്റെ പരിഷ്‌കരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ  ഉന്നതവിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന കുട്ടികൾ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ നേടുന്നുണ്ടോ എന്ന സംശയം ഉയർന്നുവരുന്നതായും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യു, ഭവനനിർമ്മാണവകുപ്പ് മന്ത്രി  കെ. രാജൻ മുഖ്യ പ്രഭാഷണം നടത്തി പൊതുവിദ്യാഭ്യാസ സെക്രടറി റാണി ജോർജ് സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നന്ദി അറിയിച്ചു. എം എൽ എ മാരായ എ പ്രദീപ് കുമാർ, മുഹമ്മദ് മുഹ്‌സീൻ, എം വിജിൻ എന്നിവർ സംബന്ധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!