ജെ പി നദ്ദയെ കാണാൻ യു ഡി എഫ് എം പിമാർ തീരുമാനിച്ചിട്ടുണ്ട്
ദില്ലി: ആശാവർക്കർമാരുടെ വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടികാഴ്ചയ്ക്ക് അനുമതി തേടിയ സംഭവം ലോക്സഭയിലുന്നയിച്ച് കെ സി വേണുഗോപാൽ. സംഭവത്തിൽ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തെയും, സംസ്ഥാനം കേന്ദ്രത്തേയും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണെന്ന് കെ സി അഭിപ്രായപ്പെട്ടു. ഇത് പ്രശ്നം പരിഹരിക്കാൻ ഗുണമാകില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
വിഷയത്തിൽ കെ സിക്ക് നേരിട്ട് ചേംബറിൽ മറുപടി നൽകാമെന്ന് നദ്ദ വ്യക്തമാക്കി. ലോക്സഭയിലെ ഇന്നത്തെ ചർച്ചാ വിഷയം വേറെയായതിനാൽ സഭയിൽ കൂടുതൽ മറുപടിക്കില്ലെന്നും നദ്ദ വിവരിച്ചു. പകർച്ചവ്യാധി അല്ലാത്ത രോഗത്തെ സംബന്ധിച്ചായിരുന്നു ഇന്ന് ലോക്സഭയിൽ ചർച്ച. ഇത് ചൂണ്ടികാട്ടിയാണ് നദ്ദ, കെ സിക്ക് ചേംബറിൽ നേരിട്ട് മറുപടി നൽകാമെന്ന് വ്യക്തമാക്കിയത്.
അതിനിടെ വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്. കേരളാ ആരോഗ്യമന്ത്രി ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. ആരോഗ്യമന്ത്രി വീണാ ജോർജും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് അപ്പോയിൻമെന്റ് തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.
അതേ സമയം ജെ പി നദ്ദയെ കാണാൻ യു ഡി എഫ് എം പിമാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് എം പിമാർ ചേംബറിലെത്തിയാകും കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുക. ഒരു മണിക്ക് കാണാമെന്നാണ് നദ്ദ എം പിമാരെ അറിയിച്ചിട്ടുള്ളത്. ആശാ വർക്കർമാരുടെ സമരം അടക്കം മന്ത്രിയെ അറിയിക്കുമെന്ന് യു ഡി എഫ് എം പിമാർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം