കെപിസിസി-മിഷൻ 2025 തര്‍ക്കം: ചെറിയ വീഴ്ചകൾ സ്വാഭാവികം, പർവതീകരിക്കണ്ട കാര്യമില്ലെന്ന് കെസി വേണുഗോപാൽ

By Web TeamFirst Published Jul 27, 2024, 11:42 AM IST
Highlights

സംഘടനാ പരമായ കാര്യങ്ങളിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ  താൻ ഉദ്ദേശിക്കുന്നില്ലെന്നും വിഡി സതീശൻ

ആലപ്പുഴ: സംസ്ഥാനത്ത് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ. തെറ്റായ വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണ്. ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും. അത് പർവതീകരിക്കണ്ട കാര്യമില്ല. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും. വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്. ഒരുമിച്ചാണ് ഇരുവരും തീരുമാനങ്ങൾ എടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേതൃത്വം ഒരുമിച്ച് തന്നെ നേരിടും. അക്കാര്യത്തിൽ ആശയകുഴപ്പം ഇല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

എന്നാൽ കെപിസിസി മിഷൻ 2025 തര്‍ക്ക വിവാദത്തിൽ ഇന്ന് പ്രതികരണത്തിന് വിഡി സതീശൻ തയ്യാറായില്ല. താൻ വിമർശനത്തിന് അതീതനല്ലെന്ന് പറഞ്ഞ അദ്ദേഹം സംഘടനാ പരമായ കാര്യങ്ങളിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ  താൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. അതേസമയം സർക്കാരും റെഗുലേറ്ററി കമ്മീഷനും തമ്മിൽ നടത്തിയ ഗൂഢാലോചനയാണ് കൂടിയ വിലക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി ബോഡിന് വൻ നഷ്ടമുണ്ടാക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിത്. 2000 കോടി രൂപയുടെ അധിക നഷ്ടമുണ്ടായി. വൈദ്യുത മന്ത്രിയെ മുന്നിൽ നിർത്തി മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന്റെ പിന്നിൽ. ഇത് തങ്ങൾ സമ്മതിക്കില്ല. വൈദ്യുതി കൂടിയ നിരക്കിൽ വാങ്ങുന്നതിൻ്റെ ഭാരം പേറേണ്ടത് ഉപഭോക്താക്കളാണ്. വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Latest Videos

click me!