കശ്മീർ റിക്രൂട്ട്മെന്‍റ് കേസിൽ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്
ദില്ലി: കശ്മീർ റിക്രൂട്ട്മെന്‍റ് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ തടിയന്‍റവിട നസീർ ഉൾപ്പെട്ട പ്രതികൾ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. കശ്മീർ റിക്രൂട്ട്മെന്‍റ് കേസിൽ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് തടിയന്‍റവിടെ നസീറിന്‍റെ അപ്പീൽ മറ്റു അപ്പീലുകൾക്കൊപ്പം വാദം കേൾക്കാൻ മാറ്റി. അഭിഭാഷകനായ സി ജോർജ്ജ് തോമസാണ് നസീറായി ഹർജി സമർപ്പിച്ചത്. കേസിൽ നേരത്തെ രണ്ടാം പ്രതി എംഎച്ച് ഫൈസല്‍, 14ാം പ്രതി മുഹമ്മദ് ഫസല്‍, 22ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെ ഹൈക്കോടതി വെറുതെവിട്ടിരുന്നു.
തടിയന്‍റവിടെ നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. 13 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം അടക്കമുള്ള ശിക്ഷ വിധിച്ചത്.നേരത്തെ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പന്ത്രണ്ടാം പ്രതിയായ കളമശേരി സ്വദേശി ഫിറോസ് അപ്പീൽ സമർപ്പിച്ചിരുന്നു. ഇതിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. വ്യക്തമായ തെളിവില്ലാതെയാണ് തന്നെ പ്രതി ചേർത്തതെന്നുമാണ് ഫിറോസ് ഹർജിയിൽ ആരോപിക്കുന്നത്