കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. അതുൽ, ഹരി, പ്യാരി, രാജപ്പൻ എന്നിവരുടെയും ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്.
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. അതുൽ, ഹരി, പ്യാരി, രാജപ്പൻ എന്നിവരുടെയും ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇന്നലെയാണ് യുവാവിനെ വീട്ടൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾക്കായുള്ള വിപുലമായ അന്വേഷണത്തിലാണ് പൊലീസ്. ഇപ്പോഴും പ്രതികൾ ഒളിവിൽ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
5 പ്രതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇവരിൽ നാലുപേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്നയാളാണ് പങ്കജ് എന്നയാൾ. പങ്കജിനെ നേരത്തെ കൊല്ലപ്പെട്ട സന്തോഷ് ആക്രമിച്ചിരുന്നു. ഈ കേസിലാണ് വധശ്രമം ഉൾപ്പെടെ ചുമത്തപ്പെട്ട സന്തോഷ് ജയിലിൽ കഴിഞ്ഞത്. പങ്കജിനെ സന്തോഷ് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഇതിന്റെയൊക്കെ പ്രതികാരമായി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനത്തിലാണ് പൊലീസ്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ വർഷങ്ങളായി പക നിലനിൽക്കുന്നുണ്ട്. ഇതും കൊലയ്ക്ക് കാരണമായേക്കാമെന്നാണ് പൊലീസിന്റെ നിഗമനം.