
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. എമ്പുരാൻ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കേന്ദ്രസർക്കാരിനും സെൻസർ ബോർഡിനും നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി എതിർകക്ഷികളായ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകരെ നടപടികളിൽ നിന്ന് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഈ സിനിമയുടെ പേരിൽ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. അങ്ങനെയെങ്കിൽ പ്രശസ്തിക്കുവേണ്ടിയുളള ഹർജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു.
ഹര്‍ജിക്ക് പിന്നിൽ പ്രശസ്തിയാണെന്നെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്. ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് കോടതി ചോദിച്ചു. സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഹര്‍ജിക്കാരൻ മറുപടി നൽകി. തുടര്‍ന്നാണ് പ്രശസ്തിക്കുവേണ്ടിയാണോ ഹർജി എന്ന് കോടതി ചോദിച്ചത്. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹർജിക്ക് പിന്നിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ഹർജിക്കാരന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് കേസ് ഒന്നും നിലവിലില്ല എന്ന സർക്കാർ കോടതിയെ അറിയിച്ചു. ലോകത്ത് എവിടെയും സിനിമയുടെ പേരിൽ കേസ് എടുക്കേണ്ടി വന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെയെന്നും പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam