കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാൻ കര്‍ണാടക സംഘമെത്തി; മന്ത്രിയുമായി ചർച്ച നടത്തി

By Web TeamFirst Published May 23, 2024, 6:52 PM IST
Highlights

ഏറ്റവുമൊടുവിൽ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓൺലൈനിലാക്കിയ കെ സ്മാർട്ട് പദ്ധതി കർണാടകയിലും നടപ്പിലാക്കാനുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ചും പുത്തൻ ചുവടുവെപ്പുകളെക്കുറിച്ചും പഠിക്കാനെത്തിയ കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. അധികാര വികേന്ദ്രീകരണത്തിൽ കേരളത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങള്‍ അഭിപ്രായപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ ഭരണം, പൊതു വിതരണം, ഇ ഗവേണൻസ് തുടങ്ങിയ  മേഖലകളിലെ കേരളത്തിന്റെ ഒട്ടേറെ മാതൃകകള്‍  കര്‍ണാടകം  പകര്‍ത്തിയ അനുഭവങ്ങളുണ്ടെന്നും സംഘം പറഞ്ഞു. 

ഏറ്റവുമൊടുവിൽ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓൺലൈനിലാക്കിയ കെ സ്മാർട്ട് പദ്ധതി കർണാടകയിലും നടപ്പിലാക്കാനുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. കർണാടക ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ഡോ. സി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള  മൂന്നംഗ സംഘത്തിൽ കമ്മീഷന്‍  അംഗങ്ങളായ മൊഹമ്മദ് സനവുള്ള, ആർ എസ് ഫോൻഡെ തുടങ്ങിയവരുമുണ്ട്. തൃശൂർ കിലയിൽ നടന്ന കൂടിക്കാഴ്ചയിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമണും പങ്കെടുത്തു. 

Latest Videos

കേരളം നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജന പരിപാടി രാജ്യത്തിന് മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പുരോഗതിയും ചർച്ചയായി. കേരളത്തിന്റെ ശ്രദ്ധേയമായ ചുവടുവെപ്പുകളായ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും ഭരണഘടനാ സാക്ഷരതാ പരിപാടിയും സംഘത്തോട് വിശദീകരിച്ചു. കർണാടകയിൽ ഭരണഘടനാ സാക്ഷരതാ പരിപാടി ആരംഭിക്കാൻ കേരളം നൽകിയ പിന്തുണയ്ക്ക് സംഘം നന്ദി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. 

കേരളീയം സംഘടിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ ഡോ. സി നാരായണ സ്വാമി അഭിനന്ദിച്ചു. കേരളീയത്തിൽ പങ്കെടുത്ത അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വിതരണം, തനത് ഫണ്ട് വർധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും കെട്ടിട നികുതി, പെർമ്മിറ്റ് ഫീസ് ഘടന എന്നിവയും ചർച്ചയായി. കർണാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ പെർമ്മിറ്റ് ഫീസും കെട്ടിടനികുതിയും എങ്ങനെ വളരെ കുറവാണെന്ന കാര്യം സംഘത്തോട് വിശദീകരിച്ചു. 

കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ നിബന്ധനകളും നിയന്ത്രണങ്ങളും മൂലം തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ചയായി. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ശുപാർശകള്‍ പോലും കേരളവും കർണാടകവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമായി വരുന്ന രീതിയിൽ നിബന്ധനകളും നിയന്ത്രണങ്ങളുമാണെന്ന് ഇരുകൂട്ടരും വിലയിരുത്തി. കേന്ദ്രസർക്കാരിന്റെ പല നയങ്ങളും അധികാരവികേന്ദ്രീകരണത്തിന്റെ ആശയത്തിന് തന്നെ വിരുദ്ധമാകുന്നതും വിഷയമായി വന്നു. 

ഈ പ്രശ്നങ്ങളിൽ യോജിച്ച പ്രവർത്തനം കേരളവും കർണാടകയും നടത്തേണ്ടതിന്‍റെ ആവശ്യകതയും ചർച്ചയായി. 
മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ സംഘം  ചേലക്കര  ഗ്രാമപഞ്ചായത്ത്, ഗുരുവായൂർ മുൻസിപ്പാലിറ്റി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന ആസൂത്രണ ബോർഡ്, ധനകാര്യ കമ്മീഷൻ, സെന്റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!