കണ്ണൂർ സർവകലാശാല സാ​ഹിത്യോത്സവം; ന്യൂസ് ക്ലിക്ക് എഡിറ്ററെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വിസി

By Web Team  |  First Published Dec 15, 2024, 11:32 AM IST

കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. 


കണ്ണൂർ: കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായാണ് പ്രബീർ പുരകായസ്ത എത്തിയത്. ഇതേ തുടർന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ .കെ. കെ. സജു പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു. കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിലാണ് കഴിഞ്ഞ മൂന്നു ദിവസം നീണ്ട് നിന്ന സാഹിത്യോത്സവം സംഘടിപ്പിച്ചത്.

ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സിനിമാ താരം നിഖിലാ വിമൽ എത്തുമെന്നായിരുന്നു അറിയിപ്പ്. ബുധനാഴ്ച പതിനൊന്ന് മണിയോടെയാണ് മാറ്റം വിസി അറിഞ്ഞത്. ഇതോടെ വിസി പരിപാടിയിൽ നിന്ന് വിട്ടു നിന്നു. പ്രബീർ പുരകായസ്ത എങ്ങനെ അവസാന നിമിഷം അതിഥിയായെന്നതിൽ വിദ്യാർത്ഥി ക്ഷേമകാര്യ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. ദില്ലി പോലീസ് പുരകായസ്തയ്ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ് ചെയ്തത് നിയമവിരുദ്ധം എന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. 

click me!