അതീവ ജാഗ്രതയിൽ കേരളം; കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ സംസ്കാരം ഇന്ന്, ഉറവിടം തേടി ആരോഗ്യവകുപ്പ്

By Web Team  |  First Published May 26, 2020, 6:57 AM IST

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 61 വയസുകാരിയായ ആസിയയാണ് ഇന്നലെ രാത്രി മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.


കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാകും സംസ്കാരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 61 വയസുകാരിയായ ആസിയയാണ് ഇന്നലെ രാത്രി മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് രാത്രി 8.30 തോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

2002 ല്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇവര്‍ക്ക് അപസ്മാരവും ഉണ്ടായിരുന്നു. നാഡീസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആദ്യം തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിക്കുന്നതും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

Latest Videos

undefined

മരിച്ച ആസിയയുടെ ഭര്‍ത്താവ്, മക്കള്‍, ചെറുമകന്‍, മക്കളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആസിയയെ ചികിത്സിച്ച രണ്ട് ആശുപത്രികളിലെ 40 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റൈനില്‍ പോയിരുന്നു. എന്നാല്‍ തലശ്ശേരിയില്‍ ഇവരെ ചികിത്സിച്ച ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

ആസിയയുടെ മക്കള്‍ തലശ്ശേരിയിലെ മത്സ്യ വ്യാപാരികളാണ്. ഇതര സംസ്ഥാനത്തെ മത്സ്യ വ്യാപാരികളുമായി ബന്ധമുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ലോറി ഡ്രൈവറില്‍ നിന്ന് ഇവര്‍ക്ക് വന്നതാണോ എന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

click me!