കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് പഞ്ചായത്തംഗം മരിച്ചു; ഭാര്യയും മക്കളും ചികിത്സയില്‍

By Web Team  |  First Published Sep 7, 2020, 9:31 PM IST

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്‌ കമ്മിറ്റികളുടെ അധ്യക്ഷന്‍  സി വില്‍ഫ്രഡ്‌ ആണ് മരിച്ചത്. 56 വയസായിരുന്നു. 2 വര്‍ഷത്തിലേറെയായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു


തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് പഞ്ചായത്തംഗം മരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്‌ കമ്മിറ്റികളുടെ അധ്യക്ഷന്‍  സി വില്‍ഫ്രഡ്‌ ആണ് മരിച്ചത്. 56 വയസായിരുന്നു. 2 വര്‍ഷത്തിലേറെയായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്‌ക്കാരം കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചു വീട്ടുവളപ്പില്‍.

സഹപ്രവര്‍ത്തകര്‍ വിലക്കിയിട്ടും വൃക്കരോഗം വകവയ്‌ക്കാതെ പഞ്ചായത്തിന്റെ ഫസ്റ്റ്‌ ലൈന്‍ ചികിത്സാ കേന്ദ്രം കെ.എന്‍.എം. കോളജില്‍ ക്രമീകരിക്കുന്നതില്‍ സജീവ സാന്നിധ്യമായിരുന്നു വിൽഫ്രഡ്. കൊവിഡ്‌ ബാധിച്ചതിനെ തുടര്‍ന്നു 10 ദിവസം മുന്‍പാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.  ഉച്ചയ്‌ക്കു ശേഷം മൂന്നരയോടെ മരിച്ചു. വില്‍ഫ്രഡിന്റെ ഭാര്യയും മക്കളും ഇപ്പോഴും കൊവിഡ്‌ ചികിത്സയില്‍ തുടരുകയാണ്.

Latest Videos

പഞ്ചായത്തില്‍ നെല്ലിക്കാക്കുഴി വാര്‍ഡിന്‍റെ പ്രതിനിധിയാണ്‌. മൂന്നുമുക്ക്‌ വാര്‍ഡില്‍ ഒരു തവണയും നെല്ലിക്കാക്കുഴിയില്‍ നിന്നും 2 തവണയും വിജയിച്ചു. മരിയലില്ലിയാണ്‌ ഭാര്യ. അജിന, ആദര്‍ശ്‌, അനു എന്നിവര്‍ മക്കള്‍. കോണ്‍ഗ്രസ്‌ കാഞ്ഞിരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്‍ഫ്രഡ്‌ അനുസ്‌മരണ സമ്മേളനം നടത്തുമെന്ന്‌ ബ്ലോക്ക്‌ പ്രസിഡന്‍റ് ആര്‍. ശിവകുമാര്‍ അറിയിച്ചു. ഡി സി സി പ്രസിഡന്‍റ്‌ നെയ്യാറ്റിന്‍കര സനല്‍, എം. വിന്‍സെന്‍റ്‌ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

click me!